കോതമംഗലം താലൂക്ക‌് ആശുപത്രി അന്താരാഷ‌്ട്ര നിലവാരത്തിലേക്ക‌്



കോതമംഗലം താലൂക്ക് ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.  മികച്ച സൗകര്യമൊരുക്കിയും  ആവശ്യമായ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിച്ചുമാണ് നിലവാരമുയർത്തുന്നത്. ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണിത്. എറണാകുളം ജില്ലയിൽ കൊച്ചി, കോതമംഗലം എന്നീ രണ്ട് താലൂക്ക് ആശുപത്രികളാണ് ഉന്നത നിലവാരത്തിലേക്കുയർത്തുന്നത്. ഇതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷൻ ഡയറക്ടർ, ആരോഗ്യ ഡയറക്ടർ എന്നിവർ  ആശുപത്രി സന്ദർശിച്ചു. മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികളടക്കം സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയുടെ മുഖഛായതന്നെ മാറ്റുന്ന നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഒപി രോഗീ സൗഹൃദമാക്കും. ആശുപത്രിക്ക് പുതിയ ചുറ്റുമതിലും, പ്രവേശന കവാടവും നിർമിക്കും. ആദിവാസികളടക്കം നൂറുകണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന ആശുപത്രിയുടെ ഒപി ബ്ലോക്കിൽ ഇപ്പോൾ വലിയ തിരക്കാണ്. ഇതിനു പരിഹാരമായി  ഒപി പുതുക്കി നിർമിക്കും. ഫാർമസിയിലും, ലാബിലും എ സി സൗകര്യം ഏർപ്പെടുത്തും. ലാബ് സെന്ററുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുന്ന തരത്തിലാക്കും. ഒപി യിലും, ഫാർമസിയിലും എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളവും, ടിവി അടക്കമുള്ള വിനോദ സൗകര്യങ്ങളും ഏർപ്പെടുത്തും. ഇപ്പോൾ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ആർഎസ്ബിവൈ ആരോഗ്യ ഇൻഷുറൻസ് കൗണ്ടർ താഴേ നിലയിലേക്ക് മാറ്റും. കണ്ണിന്റെയും, സ്കിന്നിന്റെയും ഒപികൾ രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി താഴെ നിലയിലേക്ക് കൊണ്ടുവരും. ആശുപത്രിയിൽ എത്തുന്നവർക്ക് ഒപി, ലാബ്, എക്‌സറേ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് സഹായകമായ തരത്തിൽ  സൈൻ ബോർഡുകൾ സ്ഥാപിക്കും. ഇത്തരത്തിൽ ആശുപത്രിയുടെ ഘടനകൂടി നവീകരിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടി സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കോടി രൂപ മുടക്കി പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തിയായി.  അതോടൊപ്പം തന്നെ നിലവിലുള്ള കെട്ടിടത്തിന്റെ മുമ്പിലെ റോഡിനോട് 100 മീറ്റർ നീളത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമാണവും പൂർത്തി യായി. ആർദ്രം മിഷനിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഡയാലിസിസ് യൂണിറ്റും, ക്യാഷ്വാലിറ്റിയും അടങ്ങുന്ന പുതിയ നിർമാണ പ്രവർത്തനങ്ങൾക്കുള്ള തുക പ്ലാൻ ഫണ്ടിൽ വകയിരുത്തിയതായും, നിർമാണം പൂർത്തിയാകുന്നതോടെ കോതമംഗലം താലൂക്ക് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി മാറുമെന്നും എംഎൽഎ പറഞ്ഞു. Read on deshabhimani.com

Related News