സമ്മതിദാനം രേഖപ്പെടുത്താന്‍ സുതാര്യസംവിധാനം ഒരുക്കണംകളമശേരി > ഇലക്ട്രോണിക് വോട്ടിങ്യന്ത്രങ്ങളിലെ ക്രമക്കേടുകളെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളെ ഗൌരവത്തോടെ കാണണമെന്നും പൌരന്റെ സമ്മതിദാനം രേഖപ്പെടുത്താന്‍ സുതാര്യസംവിധാനം ഒരുക്കണമെന്നും  സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡിഎകെഎഫ്) എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. കൊച്ചി സര്‍വകലാശാലയിലെ ഹിന്ദിവിഭാഗം ഓഡിറ്റോറിയത്തില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം ഡോ. ഇഗ്നേഷ്യസ് കുഞ്ഞുമോന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്തു. ഭരണരംഗത്ത് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഇടപെടല്‍ വലിയ വിപ്ളവമാണ് സൃഷ്ടിച്ചതെന്നും ജനങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യ മുതലാളിത്തത്തിന്റെ ഒരു കൈ ഒടിക്കുന്ന തരത്തിലേക്ക് വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹരിലാല്‍ അധ്യക്ഷനായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുക, വിവരങ്ങള്‍ ചോര്‍ന്നുപോകുന്ന തരത്തിലുള്ള നിലവിലെ ആധാര്‍ സംവിധാനത്തെ കുറ്റമറ്റരീതിയില്‍ പുനഃസംഘടിപ്പിക്കുക, ശാസ്ത്രം എന്ന രീതിയില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് അവസാനിപ്പിക്കുക, സ്വതന്ത്രമായ അഭിപ്രായപ്രകാശനത്തെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ്നീക്കങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു. സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശിവഹരി നന്ദകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ വിവിധ ഏരിയകളില്‍നിന്ന് വിവരസാങ്കേതികവിദ്യാ പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍ ഏരിയ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗങ്ങളായ ഡോ. ആര്‍ ശശിധരന്‍, ഡോ. പൂര്‍ണിമ നാരായണ്‍ തുടങ്ങിയവരും അഡ്വ. വി കെ പ്രസാദ്, കെ വി അനില്‍കുമാര്‍, ഡോ. പി കെ ബേബി, സഫ്വാന്‍ തുടങ്ങിയവരും സംസാരിച്ചു. ഭാരവാഹികളായി പി കെ ബേബി (പ്രസിഡന്റ്), അഡ്വ. വി കെ പ്രസാദ്, കെ എ ജയരാജ്, ഭര്‍തൃഹരി, ടി വി രാജന്‍ (വൈസ് പ്രസിഡന്റ്മാര്‍), കെ വി അനില്‍കുമാര്‍ (സെക്രട്ടറി), കിരണ്‍ എസ് കുഞ്ഞുമോന്‍, കെ എസ് സരിത, പി എച്ച് ഹരീഷ്, അനീഷ് പന്തലാനി (ജോയന്റ് സെക്രട്ടറിമാര്‍), ധന്യ ധര്‍മജന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News