അതിരില്ലാത്ത അറിവിന്റെ ആകാശംആലപ്പുഴ > അറിവിന്റെ ആകാശത്തിന് അതിരുകളില്ല. ഈ അനന്ത വിഹായസ്സില്‍ പാറിനടക്കുന്ന കൊച്ചു ശലഭങ്ങള്‍ക്ക് തളര്‍ച്ചയുമില്ല. അക്ഷരമുറ്റം ക്വിസ് ഏഴാം സീസണ്‍ ജില്ലാ ഫൈനലിന് ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കുളില്‍ തിരശ്ശീല വീണപ്പോഴുള്ള അവസ്ഥ ഇങ്ങനെ. എല്‍പി വിഭാഗത്തിലെ കുരുന്നുകള്‍ മുതല്‍ ഹയര്‍ സക്കന്‍ഡറിയിലെ കൌമാരക്കാര്‍ വരെ വിജയം എന്ന ലക്ഷ്യത്തിലേക്ക് ഒരു മനസ്സോടെ കുതിച്ചു; സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ.  ഇതോടെ മത്സരത്തിന് വീറും വാശിയും കൂടി. പല്ലും നഖവും ഉപയോഗിച്ച്, കൈ മെയ് മറന്നുള്ള പോരാട്ടമല്ല അരങ്ങേറിയത്. പകരം തികച്ചും സൌഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍, ചിരിയും കളിയുമായി കുഞ്ഞുതലയില്‍ ശേഖരിച്ചുവെച്ച അറിവ് പ്രകടിപ്പിക്കുകയായിരുന്നു കുട്ടികള്‍. എല്‍ പി വിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരെ കണ്ടെത്താന്‍ നാലു തവണ മത്സരം നടത്തേണ്ടിവന്നു എന്നത് മാത്രം മതി ഇത്തവണത്തെ മത്സരത്തിന്റെ കടുപ്പം മനസ്സിലാക്കാന്‍. ആദ്യ ഇരുപതു ചോദ്യത്തില്‍ത്തന്നെ ഒന്നാം സ്ഥാനക്കാരെ കണ്ടെത്താനായി. അപ്പോള്‍ ഒരേ പോയിന്റുമായി അഞ്ചു ടീമുകള്‍ രണ്ടാം സ്ഥാനത്ത്. പിന്നീട് നാലുതവണകൂടി മത്സരം നടത്തിയാണ് ഒടുവില്‍ രണ്ടാം സ്ഥാനക്കാരെ കണ്ടെത്തിയത്. ഇത് എല്‍പി വിഭാഗത്തിന്റെ മാത്രം കാര്യമല്ല, യുപിയിലും ഹൈസ്കൂളിലും ഹയര്‍സെന്‍ഡറിയിലും വാശിയുടെ മാപിനി ഉയര്‍ന്നുതന്നെ നിന്നു. സഞ്ചരിക്കുന്ന വിശ്വവിജ്ഞാന കോശങ്ങളായി ക്വിസ് മാസ്റ്റര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ ഉത്തരം പറയുകയായിരുന്നില്ല ഇവരാരും. പകരം വായനയിലൂടെ സമാഹരിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്കുകൂടി പകര്‍ന്നു നല്‍കുകയായിരുന്നു. ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ ക്വിസ് മാസ്റ്റര്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ കുട്ടികളുടെ ഉറങ്ങിക്കിടക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തുന്നതായി. പരീക്ഷത്തലേന്ന് പുസ്തകം അരിച്ചുപെറുക്കി എത്തിയ കാപ്സ്യൂള്‍ ക്വിസ് മത്സരാര്‍ഥികളല്ല ഇവരാരും. വര്‍ഷങ്ങളുടെ നീണ്ട സപര്യയ്ക്ക്ശേഷമാണ് ഈ കുട്ടികള്‍ മത്സരത്തിനെത്തിയത്. അല്ലെങ്കില്‍ എസ്എല്‍പുരം ജിഎസ്എം എച്ച്എസ്എസ്സിലെ ആര്‍ അനന്ദകൃഷ്ണനെ നോക്കുക. 2013മുതല്‍ ഈ കുട്ടി അക്ഷരമുറ്റും ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നു. ഒടുവില്‍ ഇക്കുറി ഹൈസ്കൂള്‍ വിഭാഗത്തില്‍ എസ് രാജീവിനൊപ്പം ഒന്നാം സ്ഥാനക്കാരനായി. നാലു വിഭാഗങ്ങളിലായി എട്ടുപേര്‍ ഒടുവില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി വിജയ പീഠമേറി. പക്ഷെ സമ്മാനം കിട്ടാത്ത ആര്‍ക്കും നിരാശ തോന്നിയില്ല. കാരണം അവര്‍ പരാജിതരല്ല. കാരണം  മഹത്തായ ഒരു മത്സരത്തിന്റെ ഭാഗമായി വിജയരഥമേറിയവരാണിവര്‍. അവരുടെ മുഖത്തും ശരീര ഭാഷയിലും ഈ സംതൃപ്തി ഉണ്ടായിരുന്നു. അക്ഷരമുറ്റം കേവലമൊരു ക്വിസ് മത്സരമല്ല. പകരം അറിവിന്റെ വിഹായസ്സിലേക്കുള്ള ചിറകടിച്ചുയരലാണ്.  അക്ഷരമുറ്റത്തിലേക്ക് കുറുക്കു വഴിയില്ല. അതിന്റെ വഴി നേര്‍വഴി. അത് ക്യാപ്സൂള്‍ ക്വിസ് അല്ല. അതിന് നൈരന്തര്യമുണ്ട്. ജയവും തോല്‍വിയുമല്ല, പകരം സ്കൂളില്‍ നിന്ന്, സബ്ജില്ലയില്‍ നിന്ന്, വിജയിച്ച് ജില്ലാതല മത്സരത്തില്‍ പങ്കാളികളായതിന്റെ അഭിമാനവുമായാണ് ഓരോരുത്തരും മടങ്ങിയത്. സമ്മാനദാനത്തിനുശേഷം, ഭക്ഷണത്തിനുശേഷം ഇവര്‍ മുഹമ്മദന്‍സ് സ്കൂളിന്റെ പടി ഇറങ്ങിയത് ശിരസ്സുയര്‍ത്തിതന്നെ. Read on deshabhimani.com

Related News