യുവതിയും കാമുകനും അറസ‌്റ്റിൽ



     മാവേലിക്കര കഴിഞ്ഞ ജൂൺ മുതൽ മാവേലിക്കരയിലെ വിവിധ പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി മാലമോഷണം നടത്തി വന്നിരുന്ന യുവതിയും കാമുകനും അറസ‌്റ്റിൽ. എണ്ണയ‌്ക്കാട് ഇലഞ്ഞിമേൽ വടക്കുംമുറിയിൽ വിഷ‌്ണുഭവനത്തിൽ സുനിത (36), കാമുകൻ ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനത്തിൽ ബിജു വർഗീസ് (33) എന്നിവരെയാണ് മാവേലിക്കര പൊലീസ് അറസ‌്റ്റുചെയ‌്തത്. മൂന്നുമാസം നീണ്ട പരിശ്രമത്തിനൊടുവിലാണ‌് ഇരുവരെയും പിടികൂടാനായത്. ജൂൺ 18 ന് തഴക്കര കല്ലിമേൽ ജില്ലാ കൃഷിത്തോട്ടത്തിനു സമീപം റോഡിലൂടെ നടന്നുപോയ യുവതിയുടെ രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ സംഭവം നടന്നിരുന്നു. മാലനഷ്ടപ്പെട്ട സ‌്ത്രീ സ്‌കൂട്ടറിന്റെ നമ്പർ 586 ആണെന്ന് പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിർദ്ദേശമനുസരിച്ച് മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. 586 എന്ന നമ്പർ വ്യാജമാണെന്ന‌് കണ്ടെത്തി.    മുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങളും നിരവധി മൊബൈൽ നമ്പരുകളും പരിശോധിച്ച‌് സ്‌കൂട്ടറിന്റെ നമ്പർ കെ എൽ 30 ഡി 5867 ആണെന്ന‌് കണ്ടെത്തി. പിന്നീടാണ‌് സ്‌കൂട്ടർ ഓടിച്ചിരുന്നത് എണ്ണയ‌്ക്കാട് സ്വദേശിനി സുനിതയാണെന്നും പിന്നിലിരുന്ന‌് മാല പൊട്ടിക്കുന്നത് ബിജുവാണെന്നും തിരിച്ചറിഞ്ഞത്.  ടിപ്പർ ലോറി ഡ്രൈവറായ ബിജു പുലർച്ചെയുള്ള യാത്രകളിൽ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് സ‌്ത്രീകൾ നിർമാല്യം തൊഴാനെത്തുന്ന സമയം മനസിലാക്കിയ ശേഷം ജൂലൈ 15 ന് പുലർച്ചെ അഞ്ചിന് സുനിതയുമായി സ്‌കൂട്ടറിലെത്തി ക്ഷേത്രദർശനത്തിനെത്തിയ പ്രായമായ സ‌്ത്രീയുടെ മാല പൊട്ടിച്ചു. മാലയുടെ ചെറിയ കഷണം മാത്രമേ ഇവർക്ക് കിട്ടിയുള്ളൂ.    ഈ സംഭവത്തിന് ഒരാഴ‌്ചക്കുശേഷം ചെട്ടികുളങ്ങരയിൽ തന്നെ കടവൂർഭാഗത്ത് പുലർച്ചെ ക്ഷേത്രദർശനത്തിന് പോയ മറ്റൊരു സ‌്ത്രീയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ബിജു മാലപൊട്ടിക്കാൻ ശ്രമിച്ചിരുന്നു. ഇയാളുടെ കൈയിൽ കടിച്ചതോടെ പിടിവിട്ട് ഓടി സമീപം കാത്തു നിന്നിരുന്ന സുനിതയുടെ സ്‌കൂട്ടറിൽ കയറി കായംകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. താമരക്കുളത്തും കരുനാഗപ്പള്ളിയിലുമുള്ള സ്വർണകടകളിൽ ഇവർ വിറ്റ മോഷണമുതലുകൾ പൊലീസ് കണ്ടെത്തി.  വിവാഹിതയും മൂന്നുമക്കളുടെ അമ്മയുമായ സുനിത ഭർത്താവ് വിദേശത്തായിരുന്നപ്പോൾ കാമുകൻമാർക്കൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ പരാതിയിൽ മാന്നാർ സ‌്റ്റേഷനിൽ നിരവധി കേസുകളുണ്ട്. ഒന്നരവർഷം മുമ്പാണ് ദുബൈയിൽ ജോലി ചെയ‌്തിരുന്ന അവിവാഹിതനായ ബിജുവിനെ സുനിത ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.  തുടർന്ന് ഇവർ അടുപ്പത്തിലാവുകയായിരുന്നു. നാട്ടിലെത്തിയ ബിജു സുനിതക്കൊപ്പം ബുധനൂരിൽ താമസമാക്കിയതോടെ ഭർത്താവുമായുള്ള പ്രശ്‌നങ്ങൾ രൂക്ഷമായി.  പിന്നീട് വിവിധ സ്ഥലങ്ങളിൽ വാടകയ‌്ക്ക് താമസിച്ചുവന്ന ഇവർ മാവേലിക്കര ഉമ്പർനാട്ടുള്ള വീട്ടിൽ വാടകയ‌്ക്ക‌് താമസിക്കുമ്പോഴാണ‌് അമിത പണസമ്പാദനത്തിനും ആഡംബരത്തിനുമായി മോഷണം നടത്താൻ തീരുമാനിച്ചത്. മോഷണത്തിനു പോകുമ്പോൾ പതിവായി സ്‌കൂട്ടർ ഓടിക്കുന്നത് സുനിതയാണ‌്.    സുനിതയെ ബുധനൂരിലെ വീട്ടിൽ നിന്നും ബിജുവിനെ ഹരിപ്പാട് നിന്നുമാണ് പൊലീസ് പിടികൂടിയത്. സിഐ പി ശ്രീകുമാറിനൊപ്പം എസ്‌ഐ സി ശ്രീജിത്ത്, സിപിഒമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്ക്, അരുൺ ഭാസ്‌കർ, ഗോപകുമാർ, സിനു വർഗീസ്, എസ് ശ്രീജ രേണുക എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com

Related News