കാസർകോട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ യുഡിഎഫ്‌‐ ബിജെപി കൂട്ടുകെട്ട്‌



കാസർകോട്‌ കാസർകോട്‌ നഗരസഭാ കൗൺസിൽ യോഗത്തിൽ യുഡിഎഫ്‌‐ ബിജെപി കൂട്ടുകെട്ട്‌. അജണ്ടയിലെ മിക്ക വിഷയങ്ങളിലും ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകച്ചവടമാണ്‌ നടക്കുന്നത്‌. അജണ്ടയിലെ വിഷയങ്ങൾ സംബന്ധിച്ച സിപിഐ എമ്മിന്റെയും ലീഗ്‌ വിമതരായ കൗൺസിലർമാരുടെയും ചോദ്യങ്ങൾക്ക്‌ മറുപടി നൽകാതെ ഉദ്യോഗസ്ഥരും ലീഗ്‌‐ ബിജെപി കൂട്ടുകച്ചവടത്തിനാവശ്യമായ പിന്തുണ നൽകുകയാണ്‌. നഗരസഭയിൽ ആവശ്യത്തിന്‌ ഓവർസിയറില്ലാത്തതിനാൽ എൽഎസ്‌ജിഡി വിഭാഗത്തിൽ മൂന്നാംഗ്രേഡ്‌ ഓവർസിയറായിരുന്ന ഇബ്രാഹിം ഖാലിദിനെ രണ്ടാം ഗ്രേഡ്‌ ഓവർസിയർ തസ്‌തികയിൽ മാറ്റിനിയമിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ചും കൗൺസിലിൽ ആക്ഷേപമുയർന്നു.ഇയാളുടെ യോഗ്യത സംബന്ധിച്ച്‌ സംശയമുന്നയിച്ച സിപിഐ എമ്മിലെ കെ ദിനേശന്‌ മറുപടി നൽകാൻ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇതിനെ ചോദ്യംചെയ്‌തപ്പോൾ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായ വി എം മുനീർ, ഉദ്യോഗസ്ഥർക്ക്‌ അതേപ്പറ്റി അറിയില്ലെന്നും താൻ മറുപടി നൽകാമെന്നുമുള്ള വിചിത്ര വാദവുമായെത്തി.  താൽകാലിക ജീവനക്കാരനെ നിയമിക്കുമ്പോൾ  യോഗ്യത സംബന്ധിച്ച്‌ ആവശ്യമായ പരിശോധന നടത്തേണ്ടത്‌ മേലുദ്യോഗസ്ഥരാണ്‌. ഇവരുടെ യോഗ്യതയെക്കുറിച്ച്‌ അറിവില്ലാത്ത മേലുദ്യോഗസ്ഥൻ ആ സ്ഥാനത്തുതന്നെ തുടരാൻ അയോഗ്യനാണ്‌.  യോഗ്യതയില്ലാത്തയാൾക്ക്‌ നിയമനം നൽകിയാൽ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട മേലുദ്യോഗസ്ഥനാണ്‌. ഇക്കാര്യങ്ങൾ നന്നായി അറിയുന്നതിനാലാണ്‌ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്‌. നഗരസഭാ ഓവർസിയർ സി എസ്‌ അജിതയെ സസ്‌പെൻഡ്‌ ചെയ്‌തതുമായി ബന്ധപ്പെട്ട്‌ അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ സി കെ സതീഷ്‌കുമാറും പിഎ ടു സെക്രട്ടറി ലാൻസ്‌ലറ്റ്‌ സാമുവലും ചേർന്ന്‌ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്‌ സംബന്ധിച്ചും കൗൺസിലിൽ ചൂടേറിയ ചർച്ചയുണ്ടായി. ബന്ധപ്പെട്ട ഓവർസിയറുടെ  സസ്‌പെൻഷനാസ്‌പദമായ ഭവനനിർമാണം സംബന്ധിച്ച്‌ ഗുണഭോക്താവ്‌ തനിക്ക്‌ തെറ്റുപറ്റിയതാണെന്ന്‌ കാണിച്ച്‌ നൽകിയ മൊഴിയുടെ പകർപ്പ്‌  സിപിഐ  എം കൗൺസിലർ  ഉയർത്തിക്കാട്ടി.  പത്മനാഭയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്‌ ഓവർസിയർ നൽകിയ റിപ്പോർട്ടിൽ പരിശോധന നടത്തിയ പിഎടു സെക്രട്ടറി  തുടർനടപടി വേണമെന്നും ഗുണഭോക്താവിന്‌ നൽകിയ തുക പലിശസഹിതം തിരിച്ചുപിടിക്കണമെന്നും ഫയലിൽ രേഖപ്പെടുത്തിയതിന്റെ രേഖകളും ഉയർത്തിക്കാണിച്ചുള്ള കെ ദിനേശന്റെ വാദങ്ങൾക്ക്‌ കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥർക്കോ  ഭരണക്കാർക്കോ സാധിച്ചില്ല. വിഷയത്തിൽ തന്റെ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട  ദിനേശൻ ഇക്കാര്യം രേഖാമൂലം സെക്രട്ടറിയെ അറിയിക്കുകയുമുണ്ടായി.  ഒടുവിൽ വനിതാ ഓവർസിയർക്കെതിരെ  വകുപ്പുതല അന്വേഷണം നടത്തണമെന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെടുന്ന  പ്രമേയം കെ ദിനേശന്റെ വിയോജനത്തോടെ കൗൺസിൽ പാസാക്കി. യോഗത്തിൽ ചെയർപേഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി. Read on deshabhimani.com

Related News