നവകേരള നിർമിതിക്കായി ഈ സൈക്കിൾറാലി

കേരളം പുനർ നിർമിക്കുന്നതിനുള്ള വിഭവ സമാഹരണ പ്രചാരണത്തിന്റെ ഭാഗമായ സൈക്കിൾ റാലി പള്ളിക്കുന്നിലെത്തിയപ്പോൾ


കണ്ണൂർ നവകേരള നിർമിതിക്കായി ഒറ്റമനസ്സായി അണിചേരണമെന്ന ആഹ്വാനവുമായി സൈക്കിൾറാലി. കരിവെള്ളൂർമുതൽ മയ്യഴിവരെ നടന്ന സൈക്കിൾറാലിയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന‌് നൂറോളംപേർ പങ്കെടുത്തു. റാലി കടന്നുപോകുന്ന പ്രദേശങ്ങളിൽനിന്നെല്ലാം സൈക്കിളുമായി ജനങ്ങൾ റാലിക്കൊപ്പം ചേർന്ന് വിഭവസമാഹരണത്തിന് പൂർണ പിന്തുണയർപ്പിച്ചു.  പ്രളയ ദുരന്തത്തിൽനിന്ന് കരകയറ്റുന്നതിനായി നടന്ന സൈക്കിൾ ക്യാമ്പയിൽ കരിവെള്ളൂരിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഫ്ളാഗ് ഓഫ് ചെയ്തു. പ്രളയ ദുരന്തത്തിൽനിന്ന് കരകയറാൻ കേരളം നടത്തുന്ന പരിശ്രമങ്ങളെ അത്ഭുതത്തോടെയാണ് ലോകം കാണുന്നതെന്ന് മന്ത്രി പറഞ്ഞു. സി കൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. വിഭവ സമാഹരണത്തിന് വിവിധ മാർഗങ്ങളാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായാണ് സൈക്കിൾ ക്യാമ്പയിൻ. ഈ മാസം 11 മുതൽ 17 വരെയാണ‌് ദുരിതാശ്വാസത്തിനായി വിഭവ സമാഹരണം മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്നത്.  പി കരുണാകരൻ എംപി, ടി വി രാജേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി എന്നിവർ സംസാരിച്ചു. കരിവെള്ളൂർ ‐ പെരളം പഞ്ചായത്ത് പ്രസിഡന്റ് എം രാഘവൻ, ജില്ലാ പഞ്ചായത്തംഗം ജാനകി, പയ്യന്നൂർ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ, കാസർകോട് എസ്പി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു. കോട്ടായി മുക്കിലെ സ്വീകരണത്തിനുശേഷം പഴയങ്ങാടിയിൽ പി കെ ശ്രീമതി എംപിയുടെ നേതൃത്വത്തിൽ റാലിയെ സ്വീകരിച്ചു. ചെറുകുന്ന് തറ, പാപ്പിനിശേരി ഹാജിമുക്ക് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മേയർ ഇ പി ലതയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജിൽ സ്വീകരണം നൽകി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലക്ടറേറ്റിലേക്കുള്ള യാത്രയിൽ പങ്കുചേർന്നു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടർ മീർ മുഹമ്മദലി, അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യൻ, കാസർകോട് എസ്പി ശ്രീനിവാസ്, എഎസ്പി ചൈത്രതെരേസ ജോൺ എന്നിവർ മുഴുവൻ സമയവും റാലിയിൽ പങ്കുചേർന്നു. മുഴപ്പിലങ്ങാട്, തലശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം മയ്യഴിയിൽ സമാപിച്ചു. സൈക്കിൾക്ലബ്, ടെറിട്ടോറിയൽ ആർമി എന്നിവയിൽനിന്നായി എൺപതോളം സ്ഥിരം അംഗങ്ങൾ റാലിയിൽ പങ്കെടുത്തു.     Read on deshabhimani.com

Related News