കുറുവടികൊണ്ട് വടിച്ചുമാറ്റാനാവാത്ത 'മീശ'; നാളെ പുസ്തകമായി പുറത്തിറങ്ങുന്നു



കൊച്ചി > മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. നാളെ മുതല്‍ പുസ്തകം ലഭ്യമാകും. ദേശാഭിമാനി, മലയാളം വാരിക, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്‌ടി എന്നിവര്‍ പുസ്തകം  പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും  മുന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസാധകര്‍ എന്ന നിലയില്‍ എസ് ഹരീഷ് ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഡി സി ബുക്‌സ് അധികൃതര്‍ അറിയിച്ചു.പ്രശസ്‌ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് 'മീശ'യുടെ കവര്‍ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാമെന്ന് ഡി സി ബുക്‌സ് അധികൃതര്‍ അറിയിച്ചു. ബഷീന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം തങ്ങള്‍ നിര്‍വ്വഹിക്കുകയാണെന്നും ഡി സി ബുക്‌സ് അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവലിലെ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് പറയുന്ന ഭാഗത്തില്‍ വിവാദ പരാമര്‍ശമുണ്ടെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ അടക്കം ചില സംഘടനകള്‍  ഹരീഷിനെതിരെ ഭീഷണി മുഴക്കിയത്. ഭീഷണിയോടൊപ്പം കുടുംബത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ വരെയുണ്ടായി. ഇതിനനെ തുടര്‍ന്ന് ഹരീഷ് നോവല്‍ പിന്‍വലിക്കുകയായിരുന്നു.   Read on deshabhimani.com

Related News