ലുബാന്‍ ശ്രീലങ്കയിലേക്ക്തിരുവനന്തപുരം > ഏറെ പ്രതീക്ഷയോടെ ലുബാനെ കാത്തിരുന്ന ശാസ്ത്രസംഘത്തിന് നിരാശ. ഒമാന്‍ തീരത്തുനിന്ന് എത്തിയ കൂനന്‍ തിമിംഗലം കേരളത്തിന് അധികം പിടിതരാതെ ശ്രീലങ്കന്‍ തീരത്തേക്ക് തിരിഞ്ഞു. ഉപഗ്രഹങ്ങള്‍വഴി പിന്തുടരുന്ന അത്യപൂര്‍വ തിമിംഗലം 'ദേശാടനം' തുടരുകയാണ്. കാരണം കണ്ടെത്താന്‍ കൌതുകത്തോടെ ശാസ്ത്രലോകവും. പുതുവര്‍ഷത്തില്‍ അതിഥിയായി കേരളതീരത്തേക്ക് എത്തിയ കൂനന്‍ തിമിംഗലം കൊച്ചിയില്‍നിന്ന് ആലപ്പുഴവഴി തിരുവനന്തപുരം തീരത്തേക്കാണെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരിക്കുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ നീക്കം. അറേബ്യന്‍ സീ വെയ്ല്‍ നെറ്റ്വര്‍ക്ക്  പ്രതിനിധി ഡോ. ദീപാനി സുതാരി, കേരള സര്‍വകലാശാലാ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം. ആലപ്പുഴതീരത്തിന് 30 കിലോമീറ്റര്‍ അകലെ സഞ്ചരിച്ചിരുന്ന ലുബാന്‍ വീണ്ടുമകലുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനമായ കൂനന്‍ തിമിംഗലത്തില്‍ (ഹമ്പ്ബാക്ക് വെയ്ല്‍)പെടുന്നതാണ് ലുബാന്‍. എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹസഹായത്തോടെ കഴിഞ്ഞ നവംബറില്‍ ടാഗ് ചെയ്ത 14 കൂനന്‍ തിമിംഗലങ്ങളിലൊന്നാണിത്. പെണ്‍തിമിംഗിലമായ ലുബാനെ മാസിറ ഉള്‍ക്കടലില്‍നിന്നാണ് കണ്ടെത്തിയത്. ദേശാടനം നടത്തില്ലെന്ന് വിശ്വസിച്ചിരുന്ന ഇനത്തില്‍പെട്ട ലുബാന്‍ ഇന്ത്യന്‍ തീരത്തേക്ക് എത്തിയതിന്റെ കാരണമാണ് ശാസ്ത്രലോകം അന്വേഷിക്കുന്നത്്. അധികസമയം ഈ തീരത്ത് കഴിയാതിരുന്നതിനും ഉത്തരം തേടുകയാണ് അവര്‍. ഭക്ഷണം തേടിയുള്ള യാത്രയാണെങ്കില്‍ ഇന്ത്യന്‍ തീരത്ത് ഏറെനേരം ചെലവഴിക്കുമായിരുന്നുവെന്ന് ഡോ. ബിജുകുമാര്‍ പറഞ്ഞു. സാധാരണ ഇവ ഒറ്റയ്ക്ക് സഞ്ചരിക്കാറില്ല. ഇണയെ തേടിയുള്ള യാത്രയിലാണോ ലുബാനെന്നും സംശയമുണ്ട്. അറബിക്കടലിന്റെ ആവാസ വ്യവസ്ഥയെപ്പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ലുബാന്റെ ദേശാടനം വഴിവയ്ക്കുമെന്നും ബിജുകുമാര്‍ പറയുന്നു. Read on deshabhimani.com

Related News