മെട്രോയ‌്ക്ക‌് കൂടുതൽ സ്ഥിരംയാത്രക്കാരെ കണ്ടെത്താൻ കെഎംആർഎൽ



കൊച്ചി കൊച്ചി മെട്രോയ‌്ക്ക‌് കൂടുതൽ സ്ഥിരംയാത്രക്കാരെ കണ്ടെത്താൻ കെഎംആർഎൽ. ഇതിനായി പ്രതിമാസ പാസ‌്, പ്രതിദിന പാസ‌് എന്നിവ ഏർപ്പെടുത്തുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ‌്. ആക‌്സിസ‌് ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സാങ്കേതിക സംവിധാനങ്ങൾ പൂർത്തിയായെന്നും ജൂലൈ 15നകം പാസ‌് വിതരണം ആരംഭിക്കും. ഇതിനു നൽകുന്ന കിഴിവ‌് ഈ മാസം അവസാനം തീരുമാനിക്കുമെന്ന‌് കെഎംആർഎൽ എംഡി എ പി എം മുഹമ്മദ‌് ഹനീഷ‌് പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിനുള്ള സർവീസ‌് ആരംഭിച്ചിട്ട‌് ഒരുവർഷം തികഞ്ഞ  19ന‌് പ്രഖ്യാപിച്ച സൗജന്യയാത്രാദിനത്തിൽ അനുഭവപ്പെട്ട വൻ ജനത്തിരക്കാണ‌് സ്ഥിരംയാത്രക്കാരെ കണ്ടെത്താനുള്ള നീക്കം ത്വരിതപ്പെടുത്താൻ കെഎംആർഎലിനെ പ്രേരിപ്പിച്ചത‌്. മെട്രോയിൽ യാത്ര ചെയ്യാൻ ദൂരദേശങ്ങളിൽനിന്നുപോലും ജനങ്ങളെത്തി. ചൊവ്വാഴ‌്ച രാവിലെ ഏഴുമുതൽ രാവിലെ 10 വരെ 1,44,944 പേരാണ‌് മെട്രോയിൽ യാത്രചെയ‌്തത‌്. രാവിലെമുതൽ മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ തള്ളിക്കയറ്റമായിരുന്നു. ആലുവ മെട്രോ സ്റ്റേഷനിൽ നിർമിച്ച ലിങ്ക് ബ്രിഡ്ജ് ചൊവ്വാഴ്ച ജനങ്ങൾക്കായി തുറന്നുകൊടുത്തു. പ്രത്യേക ചടങ്ങുകളൊന്നുമില്ലാതെ പകൽ 2.30നാണ് പാലം തുറന്നത്. മാർക്കറ്റിന്റെ വശത്തുനിന്ന് ജനങ്ങൾക്ക് സ്റ്റേഷനിലേക്കെത്താൻ ഇത് സഹായകമാകും. പാലം തുറന്നശേഷം കളമശേരി എസ‌്‌സിഎംഎസ്, എടത്തല അൽ അമീൻ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മെട്രോ ഒന്നാം വാർഷികാഘോഷം നടന്നു. എഡ്രാക്കിന്റെ നേതൃത്വത്തിൽ ചൊവ്വാഴ‌്ച പകൽ 11 ന് കലൂർ ജെഎൻഎൽ സ്റ്റേഷൻപരിസരത്ത് മെട്രോ യാത്രാസംഗമം നടത്തി. പൊതുയാത്രാ സംവിധാനം വിപുലപ്പെടുത്തുക, ഗതാഗതസംവിധാനങ്ങൾ ഏകോപിപ്പിക്കുക, തൃപ്പൂണിത്തുറ ഘട്ടം ഉടൻ പൂർത്തിയാക്കുക, കാക്കനാട്, അങ്കമാലി, ഫോർട്ട‌്കൊച്ചി പാതകൾ ക്രമമായി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ എഡ്രാക് ഉന്നയിച്ചു. Read on deshabhimani.com

Related News