ഗിറ്റാറിസ്റ്റ് എമില്‍ ഐസക്സ് അന്തരിച്ചുകൊച്ചി > ഇന്ത്യയിലെ പ്രശസ്ത ഗിറ്റാറിസ്റ്റുകളില്‍ ഒരാളായ എമില്‍ ഐസക്സ് (70) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം വ്യാഴാഴ്ച രാവിലെ എസ്ആര്‍എം റോഡിലെ തറവാട്ടു വീടായ 'ഇ കോട്ടേജില്‍' പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം പകല്‍ 2.30ന് ചാത്യാത്ത് പള്ളി സെമിത്തേരിയില്‍. വയലിനിസ്റ്റായ പിതാവ് ജോ ഐസക്സിന്റെ പാത പിന്തുടര്‍ന്നാണ് എമില്‍ സംഗീതരംഗത്ത് എത്തിയത്. പിന്നീട് 'ലാ ഫ്ളമിംഗോസ്' എന്ന പാശ്ചാത്യ ബാന്‍ഡില്‍ അംഗമായി കൊച്ചിയുടെ സംഗീതലോകത്ത് ശ്രദ്ധിക്കപ്പെട്ടതോടെ യേശുദാസ് അദ്ദേഹത്തിന്റെ ഗാനമേള ട്രൂപ്പില്‍ ഉള്‍പ്പെടുത്തി. പില്‍ക്കാലത്ത് കലാഭവന്‍ ആയി മാറിയ ക്രിസ്ത്യന്‍ ആര്‍ട്സ് ക്ളബ്ബുമായി (സിഎസി) ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. കലാഭവനൊപ്പം അറുപതോളം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഓര്‍ക്കസ്ട്ര നടത്തി ചരിത്രം സൃഷ്ടിച്ചു. എലീറ്റ് എയ്സസ് എന്ന പാശ്ചാത്യ സംഗീതബാന്‍ഡ് രൂപീകരിച്ചു. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളില്‍ പരിപാടി അവതരിപ്പിച്ചുതുടങ്ങിയ ബാന്‍ഡ് ഇന്ത്യയിലാകെ പേരെടുത്തു. മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചു. 1979 മുതല്‍ ഗായിക ഉഷാ ഉതുപ്പിന്റെ ഓര്‍ക്കസ്ട്രയില്‍ അംഗമായി. പിന്നീട് കൊല്‍ക്കത്തയിലായിരുന്നു താമസം. പക്ഷാഘാതത്തെ തുടര്‍ന്ന് 2009 മുതല്‍ സംഗീതപരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സഹോദരങ്ങളായ റെക്സ്, യൂജിന്‍, ആന്റണി, എഫ്രി, എല്‍ഡ്രിഡ്ജ് തുടങ്ങിയവരും എമിലിനൊപ്പം സംഗീതരംഗത്ത് പ്രശസ്തരാണ്. അമ്മ: പരേതയായ എമില്‍ഡ. ഭാര്യ ഹെലന്‍. മക്കള്‍: നീല്‍, ജൊഹാന്‍. Read on deshabhimani.com

Related News