മതഭീകരതയ്‌ക്കെതിരെ യുവജന കൂട്ടായ്‌മകണ്ണൂര്‍ > ഭീകരവാദത്തിനെതിരെ യുവതയെ അണിനിരത്തി ഡിവൈഎഫ്ഐയുടെ ജാഗ്രതാപരേഡ്. ഐഎസ്, സംഘപരിവാര്‍ ഭീകരതയുടെ വിപത്തിനെതിരേ ജനമനഃസാക്ഷിയെ അണിനിരത്താനാണ് നൂറുകണക്കിന് യുവജനങ്ങളെ അണിനിരത്തി ജാഗ്രതാ പരേഡ് സംഘടിപ്പിച്ചത്. വിശ്വാസത്തിന്റെ പേരില്‍ യുവാക്കളില്‍ തീവ്രവാദ വിഷം കുത്തിവയ്ക്കുന്നവരോട് യുവതയ്ക്ക് പ്രതിപത്തിയില്ലെന്ന് വിളംബരം ചെയ്യുന്നതായിരുന്നു പരേഡിലെ പങ്കാളിത്തം.  പുതിയതെരു, താഴെചൊവ്വ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരേഡ് ആരംഭിച്ചത്. താഴെചൊവ്വയില്‍നിന്നാരംഭിച്ച പരേഡ് സിറ്റി വഴിയാണ് നഗരത്തിലെത്തിയത്. കണ്ണൂരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ യുവജനപ്രസ്ഥാനം ജാഗ്രതയോടെ കാവല്‍നില്‍ക്കുമെന്ന് പരേഡ് പ്രഖ്യാപിച്ചു. വിശ്വാസം മറയാക്കി തീവ്രവാദം വളര്‍ത്താനുള്ള നീക്കങ്ങളെ നാട് കരുത്തോടെ പ്രതിരോധിക്കുന്നതിന്റെ അനുഭവസാക്ഷ്യമായി പരേഡ്.  സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. മതതീവ്രവാദത്തിനെതിരായി വിശ്വാസികളെ അണിനിരത്താനുള്ള ബാധ്യത സാമുദായിക സംഘടനകള്‍ക്കുണ്ടെന്ന് സ്വരാജ് പറഞ്ഞു. മുസ്ളിം തീവ്രവാദത്തെ അതുമായി ബന്ധപ്പെട്ട സംഘടനകള്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. അതില്‍ തീരുന്നതല്ല അവരുടെ ബാധ്യത. ഇസ്ളാമിക സംഘടനകള്‍ തീവ്രവാദത്തെ വിശ്വാസികളെ അണിനിരത്തി പ്രതിരോധിക്കണം. വിശ്വാസികളും ഇതിന് മുന്നോട്ടുവരണം.  അമേരിക്കയാണ് ഇസ്ളാംവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. 'ഇസ്ളാമുകള്‍ എല്ലാവരും തീവ്രവാദികളല്ല, എല്ലാ തീവ്രവാദികളും ഇസ്ളാമാണ്' എന്ന സാമ്രാജ്യത്വ പ്രചാരണമാണ് സംഘപരിവാരവും നടത്തുന്നത്. ഐഎസിന്റെ ഇന്ത്യന്‍ മുഖമാണ് സംഘപരിവാരം. ഇസ്ളാം ഭീകരവാദത്തിന് തത്തുല്യമായ ഭീകരവാദമാണ് സംഘപരിവാരവും ഉയര്‍ത്തുന്നത്. ഇന്ത്യയെ മത റിപബ്ളിക് ആക്കുകയാണ് ഇവരുടെ ലക്ഷ്യം.  മതം രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ ശ്രമം നടത്തുമ്പോഴാണ് ഭീകരവാദം സൃഷ്ടിക്കപ്പെടുന്നതെന്നും സ്വരാജ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഷാജര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ഡിവൈഎഫ്ഐ നേതാക്കളായ പി പി ദിവ്യ, കെ വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി വി കെ സനോജ് സ്വാഗതവും എം വി രാജീവന്‍ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News