സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ അരലക്ഷം പരേതർ: മന്ത്രി ഐസക‌്



ആലപ്പുഴ കേരള സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷന് പരലോകത്തും അവകാശികളുണ്ടെന്ന‌് ധനമന്ത്രി ഡോ. ടി എം തോമസ‌് ഐസക‌്. ഒന്നും രണ്ടുമല്ല, ഭൂവാസം വെടിഞ്ഞ അരലക്ഷം ആത്മാക്കളാണ് പെൻഷൻ തുകകൊണ്ട് അങ്ങേ ലോകത്ത് സുഭിക്ഷമായി ജീവിക്കുന്നതെന്നും മന്ത്രി ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ കുറിച്ചു.  ബെൻസ് കാറുള്ള 61 പേരും ബിഎംഡബ്ല്യു കാറുള്ള 28 പേരും പെൻഷൻ വാങ്ങുന്നുണ്ടെന്നും മറ്റൊരു ഫേസ‌്ബുക്ക‌് പോസ‌്റ്റിൽ മന്ത്രി വ്യക്തമാക്കി. മരണമടഞ്ഞവരുടെ പേരിൽ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക തയ്യാറായതായും നിലവിൽ പെൻഷൻ വാങ്ങുന്ന 31256 പേർ പഞ്ചായത്ത‌് രേഖകൾ പ്രകാരം ജീവിച്ചിരിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യക്ഷേമ പെൻഷൻ ഡാറ്റാബേസിലെ വിവരങ്ങളും പഞ്ചായത്തുകളിലെ ജനനമരണ രജിസ‌്റ്ററിലെ വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്. രജിസ‌്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളുടെ കാര്യം കൂടി പരിഗണിക്കുമ്പോൾ എണ്ണം 50,000 കവിയുമെന്ന് ഉറപ്പിക്കാം. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിലാണ് (5753). രണ്ടും മൂന്നും സ്ഥാനങ്ങൾ തൃശൂർ (5468), കോഴിക്കോട് (4653) ജില്ലകൾക്കാണ്. പാലക്കാടും (4286) തിരുവനന്തപുരവും (4016) തൊട്ടു പിന്നിലുണ്ട്. ഇത്തരം കള്ളത്തരം ഏറ്റവും കുറവ് കാസർകോട് (337), ഇടുക്കി (239) ജില്ലകളാണ്. രേഖകൾ പ്രകാരം മരണപ്പെട്ടവരെന്നു കാണുന്നവരുടെ പെൻഷൻ വിതരണം ഓണക്കാലത്ത് നിർത്തിവയ‌്ക്കാൻ ആവശ്യപ്പെട്ടു. ഓരോ പഞ്ചായത്തിനും പട്ടിക നൽകും. പട്ടികയിലുൾപ്പെട്ടവർ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്ന് പഞ്ചായത്ത് സെക്രട്ടറി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യണം. പട്ടികയിൽനിന്ന് സ്വയം ഒഴിവാകാൻ എല്ലാവർക്കും ഒരു അവസരം തരുന്നു. സർക്കാർ കണ്ടുപിടിക്കുകയാണെങ്കിൽ ഇത്തരത്തിൽ കൈപ്പറ്റിയ മുഴുവൻ പണവും തിരിച്ചുപിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വന്തമായി കാറുള്ള 64473 പേരെയാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇന്നോവയുള്ള 2465 പേരും സ്കോഡയുടെ ഏറ്റവും ഉയർന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ‌്കോർപ്പിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കാണ് പെൻഷന് അർഹത. ഇത്തരം ആഡംബര വാഹനങ്ങൾ ഉള്ളവരുടെയൊക്കെ പെൻഷൻ ഓണത്തിന് തടഞ്ഞുവയ‌്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട‌്. റേഷൻകാർഡിൽ മകനോ മകൾക്കോ വലിയ കാറുണ്ടാകും. പക്ഷേ, മാതാപിതാക്കൾക്ക് ക്ഷേമപെൻഷൻ. ഇത്തരത്തിൽ 94043 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പെൻഷൻ തൽക്കാലം നിർത്തിവയ‌്ക്കുന്നില്ല. എന്നാൽ സാമ്പത്തികസ്ഥിതി പരിശോധിക്കും. പഞ്ചായത്തു തിരിച്ച് പട്ടിക സെക്രട്ടറിക്കു കൈമാറും. എല്ലാവരുടെയും സാമ്പത്തികസ്ഥിതി പരിശോധിച്ച് പെൻഷന് അർഹതയുണ്ടോ എന്ന് റിപ്പോർട്ടു ചെയ്യണം. ഇത്തരക്കാർക്കും സ്വമേധയാ പെൻഷൻ ആനുകൂല്യം വേണ്ടെന്നുവയ‌്ക്കാം. നടപടിയുണ്ടാവില്ല. സർക്കാർ കണ്ടെത്തുന്നവരിൽനിന്ന് പണം തിരിച്ചുപിടിക്കുന്നതിനു പുറമെ മറ്റെന്തെങ്കിലും പിഴ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. Read on deshabhimani.com

Related News