ദേശാഭിമാനിക്ക് മലപ്പുറത്ത് ലക്ഷംവരിക്കാരെ ചേര്‍ക്കും



മലപ്പുറം ദേശാഭിമാനിക്ക‌് മലപ്പുറത്ത് ലക്ഷംപേരെ വരിക്കാരാക്കാൻ  സിപിഐ എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. രാഷ്ട്രീയ എതിരാളികൾ കൊലക്കത്തിക്കിരയാക്കിയ സമുന്നത നേതാവും ദേശാഭിമാനി പ്രചാരകനുമായ അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വദിനമായ 23ന‌് വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന‌് തുടക്കമാകും.  സിപിഐ എമ്മിന്റെ ആദ്യ സംസ്ഥാന സെക്രട്ടറിയും അതുല്യസംഘാടകനുമായ സി എച്ച് കണാരന്റെ സ്മൃതിദിനമായ ഒക്ടോബർ 20 വരെയാണ് ക്യാമ്പയിൻ. പത്രപ്രചാരണത്തിന് വിപുലപരിപാടികളാണ് ആസൂത്രണംചെയ്തിരിക്കുന്നത്. 15നകം എല്ലാ ഏരിയാ കമ്മിറ്റികളും യോഗംചേരും. 20നകം ലോക്കൽ കമ്മിറ്റികളും ഒക്ടോബർ അഞ്ചിനകം ബ്രാഞ്ചുകളും ചേർന്ന‌് പ്രവർത്തനം ആസൂത്രണംചെയ്യും. 18ന്  രാവിലെ 10ന് തിരൂരും പകൽ രണ്ടിന് മലപ്പുറത്തുമായി ലോക്കൽ സെക്രട്ടറിമാരുടെ യോഗംചേരും.  25നകം ലോക്കൽ അടിസ്ഥാനത്തിൽ പാർടി അംഗങ്ങളുടെ ജനറൽ ബോഡിയും ചേരും. പ്രചാരണത്തിന്റെ ഭാഗമായി നാടെങ്ങും ശ്രദ്ധേയവും ആകർഷകവുമായ  പ്രചാരണ സംവിധാനങ്ങൾ ഉയരും. ബ്രാഞ്ചുകളിൽ ബോർഡുകൾ, സ്റ്റിക്കർ, പോസ്റ്റർ എന്നിവ സ്ഥാപിക്കും. ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെ  16 ഏരിയാ കേന്ദ്രങ്ങളിലും സാംസ്‌കാരിക നായകരെയും കലാകാരന്മാരെയും പങ്കെടുപ്പിച്ച് കൂട്ടായ്മയൊരുക്കും. അഞ്ചുമുതൽ 15 വരെ   സംസ്ഥാന, ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളും തദ്ദേശസ്ഥാപനങ്ങളിലേതടക്കം ജനപ്രതിനിധികളും എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച‌്  വരിക്കാരെ ചേർക്കും.  20ന് ഏരിയാ കേന്ദ്രങ്ങളിൽ വരിസംഖ്യയും വരിക്കാരുടെ പട്ടികയും ഏറ്റുവാങ്ങും.   Read on deshabhimani.com

Related News