ആവേശമായി അറിവുത്സവംതിരുവനന്തപുരം > ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവത്തിന്റെ ജില്ലാതല മത്സരങ്ങളിലും നാളെയുടെ മുത്തുകള്‍ തിളങ്ങി. ഒഡീസിയ- ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരവേദികളില്‍ മത്സരാര്‍ഥികള്‍ക്ക് പ്രോത്സാഹനവുമായി  നാടും രക്ഷിതാക്കളും ഒന്നിച്ചു. ഡിജിറ്റല്‍ ക്ളാസ് റൂമുകളെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്തവണ ജില്ലാ മത്സരങ്ങള്‍. ശനിയാഴ്ച 13 ജില്ലകളിലായിരുന്നു മത്സരം. കണ്ണൂരില്‍ ഞായറാഴ്ച നടക്കും. സംസ്ഥാനത്തെ 149 ഉപജില്ലാ മത്സരങ്ങളില്‍ ഒന്നു മുതല്‍ നാലുവരെ സ്ഥാനം നേടിയ 2624 പേര്‍ രണ്ടു ടീമുകളായി മത്സരിച്ചു. ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ 25ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന ഫെസ്റ്റില്‍ മത്സരിക്കും. ജില്ലാ മത്സരങ്ങളിലെ ഒന്നും രണ്ടും ടീമിന് യഥാക്രമം 10000, 7500 രൂപ വീതവും മൊമന്റോയും ലഭിച്ചു. എല്ലാ മത്സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ബാഗും ലഭിച്ചു. എറണാകുളത്ത് വളയന്‍ചിറങ്ങര ഗവ. എല്‍പി സ്കൂള്‍, മന്നം വിദ്യാഭവന്‍ എല്‍പി സ്കൂള്‍ എന്നിവടങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്കൂളില്‍ കേരള സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ധനകാര്യ ഡയറക്ടര്‍ ഫാ. മാത്യുസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ സമ്മാനം നല്‍കി. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ കവി പ്രഭാവര്‍മ ഉദ്ഘാടനംചെയ്തു. ഏഴാച്ചേരി രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊല്ലം കുണ്ടറ ഇളമ്പള്ളൂര്‍ എസ്എന്‍എസ്എംഎച്ച്എസ്എസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സമാപന സമ്മേളനം ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. കോട്ടയം എംടി സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനംചെയ്തു. മുകേഷ് എംഎല്‍എ മുഖ്യാതിഥിയായി. തൃശൂരില്‍ കവി റഫീക് അഹമ്മദ് ഉദ്ഘാടനംചെയ്തു. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും പ്രൊഫ. എം കെ സാനു നിര്‍വഹിച്ചു. പാലക്കാട്ട് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബുവും  സമാപനസമ്മേളനം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയും ഉദ്ഘാടനംചെയ്തു. മലപ്പുറം പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുരുകന്‍ കാട്ടാക്കട ഉദ്ഘാടനംചെയ്തു. വയനാട് പനമരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്‍ അനൂപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. Read on deshabhimani.com

Related News