മുത്തൂറ്റ‌് ഗ്രൂപ്പ‌് 200 വീട‌് നിർമിച്ചുനൽകും



കൊച്ചി > പ്രളയത്തിൽ വീടുതകർന്ന 200 കുടുംബങ്ങൾക്ക് മുത്തൂറ്റ‌് ഗ്രൂപ്പ‌് വീടു നിർമിച്ചു നൽകും. 10 കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന‌് മുത്തൂറ്റ‌് എം ജോർജ‌് ഗ്രൂപ്പ‌് എക്‌സിക്യൂട്ടിവ് ഡയറക്ടർ ജോർജ് എം ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പറവൂർ, ആലുവ, ചെങ്ങന്നൂർ, ആറന്മുള, തിരുവല്ല, കോഴഞ്ചേരി, കുട്ടനാട്, കുമരകം, തൊടുപുഴ, മലപ്പുറം, ചെല്ലാനം, തൃശൂർ, ഇടുക്കി എന്നിവിടങ്ങളിലാണ് ഭവനപദ്ധതി നടപ്പാക്കുന്നത്. ഒരു പ്രദേശത്ത് 20 വീടുകൾവരെ നിർമിച്ചുനൽകും. കമ്പനിയുടെ സിഎസ‌്ആർ ഫണ്ടിൽനിന്നാ‌ണ‌് പണം ചെലവഴിക്കുക. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർ ‘വീട് നിർമിക്കുവാനുള്ള അപേക്ഷ’ എന്ന് എഴുതിയ കവറിൽ അടുത്തുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖയിലോ എറണാകുളം ബാനർജി റോഡിലെ  മുത്തൂറ്റ് ഫിനാൻസ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ വകുപ്പിലോ അപേക്ഷ നൽകണം. വീട് പൂർണമായും തകർന്നവരാണ‌് അപേക്ഷിക്കേണ്ടത‌്. പ്രദേശത്തെ എംഎൽഎയുടെ സാക്ഷ്യ പത്രത്തിനൊപ്പം നഷ്ടത്തെ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെ പഞ്ചായത്ത് അംഗത്തിന്റെ റിപ്പോർട്ടും  ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം. അപേക്ഷയുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധന നടത്തിശേഷമാകും അർഹരെ തെരഞ്ഞെടുക്കുക. അപേക്ഷകൾ ഒക്‌ടോബർ 12ന് മുമ്പ‌് നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0484 6690 386/353, 9656010021 എന്നീ നമ്പറുകളിൽ വിളിക്കാമെന്നും ജോർജ‌് എം ജേക്കബ‌് പറഞ്ഞു. ബാബു ജോൺ, കെ ആർ ബിജിമോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News