ഓപ്പറേഷന്‍ തിയറ്ററില്‍ 'ഹൈറോ റോബോട്ട്'ന്യൂഡല്‍ഹി > സൂക്ഷ്മ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഡോക്ടര്‍ക്ക് കൈമാറാനും ഇനി റോബോട്ടുകളെ ഉപയോഗിക്കാം. മലയാളി എന്‍ജിനിയറായ പ്രതീഷ് പ്രകാശിന്റെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് ഹൈറോ (ഹ്യൂമനോയിഡ് ഇന്റെന്റഡ് ഫോര്‍ റോബോട്ടിക് ഓപ്പറേഷന്‍) റോബോട്ടിനെ അവതരിപ്പിച്ചത്. വ്യാഴാഴ്ച ബംഗളൂരുവില്‍ നടന്ന ഓട്ടോഡെസ്ക് കോണ്‍ഫറന്‍സിലാണ് ഹൈറോയെ രംഗത്തിറക്കിയത്. പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഹൈറോ സേവനമേഖലയില്‍ ഉപയോഗിക്കാവുന്ന റോബോട്ടാണ്. ആശുപത്രികളിലും ഓഫീസ് സംവിധാനങ്ങളിലും ഉപയോഗപ്പെടുത്താവുന്ന ഹൈറോ വലിയ ശബ്ദങ്ങള്‍ക്കിടയിലും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കും. വ്യക്തികള്‍, സംസാരം, ആംഗ്യങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞ് പെരുമാറാന്‍ ഹൈറോക്ക് കഴിയും. ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് (കൃത്രിമബുദ്ധി), മെഷീന്‍ ലേണിങ്, ഡീപ്പ് ലേണിങ് എന്നീ സവിശേഷതകളുണ്ട്. ആവശ്യാനുസരണം ഉപകരണങ്ങള്‍, ട്രെയ്കള്‍, ബാസ്കറ്റുകള്‍ തുടങ്ങിയവ ഹൈറോയുടെ കൈയില്‍ കൂട്ടിച്ചേര്‍ക്കാനാകും. കൂട്ടിയിടിക്കുന്ന് ഒഴിവാക്കുന്ന സൂപ്പര്‍ സെന്‍സറും ഹൈറോയുടെ ഭാഗമാണ്. 120 കിലോയുള്ള സാധനങ്ങള്‍വരെ വഹിക്കാന്‍ കഴിയും. കൊച്ചി വെണ്ണലയിലെ റോബോ ഇന്‍വെന്‍ഷന്‍സാണ് ഹൈറോ റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്. ഓട്ടോഡെസ്കിന്റെ സോഫ്റ്റ്വെയറാണ് ഹൈറോയില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ട് അപ് മിഷന്റെ ഭാഗമായ കൊച്ചിയിലെ ഫാബ്ലാബിലാണ് ഹൈറോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭൂരിഭാഗവും നടന്നതെന്ന് റോബോ ഇന്‍വെന്‍ഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍കൂടിയായ പ്രതീഷ് പ്രകാശ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലായ അഡ്വ. ജി പ്രകാശിന്റെ മകനാണ് പ്രതീഷ് പ്രകാശ്. Read on deshabhimani.com

Related News