പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കും: പ്രതാപ് പോത്തന്‍കൊച്ചി > പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ലെന്നും, അവരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കുമെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. മലയാള സിനിമയെ വിവാദങ്ങള്‍ കൊണ്ട് പൊതിയുന്ന അവസരത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രതാപ് പോത്തന്‍. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് പ്രേക്ഷകനൊപ്പം നില്‍ക്കുന്നുവെന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;  തെരുവില്‍ സര്‍ക്കസ് കളിക്കുന്നവരും , സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. തെരുവില്‍ കളിക്കുന്നവര്‍ക്ക് കാണുന്നവര്‍ ഇഷ്ടമുണ്ടെങ്കില്‍, ഇഷ്ടമുള്ള പൈസ കൊടുത്താല്‍ മതി. പക്ഷേ ഒരു സിനിമ കാണാന്‍ ചെല്ലുമ്പോള്‍, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവര്‍ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം. ഞാന്‍ ഉള്‍പ്പടെ ഉള്ള സിനിമ പ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നത് സാധാരണക്കാര്‍ ആയ മനുഷ്യരുടെ വിയര്‍പ്പിന്റെ വിലയില്‍ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്. ഞങ്ങള്‍ ഉള്‍പ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോള്‍ ആണ് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരവും ആയിരിക്കും. #പ്രേക്ഷകര്‍ക്കൊപ്പം   Read on deshabhimani.com

Related News