നാല്‍പ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ ഒന്നിക്കുന്നു; 'തമ്പി'ന്റ ഓര്‍മ്മകളുമായി നെടുമുടിയും കൂട്ടരും നിളാതീരത്തെത്തും



നാല്‍പ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം  അവര്‍ ഒത്തുകൂടുന്നു. ജി അരവിന്ദന്‍ എന്ന അതുല്യ പ്രതിഭ ഒരുക്കിയ മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ 'തമ്പി'ന്റെ അണിയറ പ്രവര്‍ത്തകര്‍. നിളയുടെ തീരത്ത്, നിളക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് വീണ്ടും ആ പഴയകാലത്തെ ഓര്‍ത്തെടുക്കാന്‍ അന്ന്‌ സിനിമയുടെ ഭാഗമായവര്‍ ഒത്തുകൂടുന്നത്‌. തമ്പിലെ പ്രധാന കഥാപാത്രങ്ങളായ വികെ ശ്രീരാമന്‍ നെടുമുടി വേണു എന്നിവര്‍ തന്നെയാണ് പത്രസമ്മേളനത്തിലൂടെ വിവരം മാധ്യമങ്ങളെ അറിയിച്ചത്‌ 'തമ്പ്' കഴിഞ്ഞ് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയി. തമ്പില്‍ നിന്നിറങ്ങി പലരും പല വഴിക്കു പോയി. എന്നാല്‍ അഴിച്ചു കളയാന്‍ പറ്റാത്ത വിധം എഴുപത്തിയേഴിലെ ആ മകരമാസം മനസ്സിലിന്നും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു' അദ്ദേഹം തന്റെ കുറിപ്പില്‍ എഴുതി, നെടുമുടി വേണു എഴുതിയ കുറിപ്പ്‌ സ്‌നേഹിതരേ,  അറിയാമല്ലോ, തമ്പ് കഴിഞ്ഞ് നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയി. തമ്പില്‍ നിന്നിറങ്ങി പലരും പല വഴിക്കു പോയി. എന്നാല്‍ അഴിച്ചു കളയാന്‍ പറ്റാത്ത വിധം എഴുപത്തിയേഴിലെ ആ മകരമാസം മനസ്സിലിന്നും ചുറ്റിപ്പിണഞ്ഞു കിടക്കുന്നു, ജീവിതത്തിന്റെ നാഴികക്കല്ലു പോലെ. ഓര്‍മ്മകള്‍ നിളയുടെ നീരൊഴുക്കിനൊപ്പം വറ്റിയില്ല. നാള്‍ക്കുനാള്‍ അത് തിടം വെച്ചു വളരുന്നു. തമ്പടിച്ച പുഴയും പുഴയോരവും മകരമഞ്ഞും നിലാവും ഒരു സാന്ത്വനം പോലെ എന്നും  മനസ്സിലുണ്ട്. അതുകൊണ്ടാണ് ഞാനെന്റെ വീടിന് തമ്പ് എന്ന് പേരിട്ടത്. അഭയമാണെനിക്ക് തമ്പ്. എന്നെ ഞാനാക്കിയ പലരുമിന്ന് ജീവിച്ചിരിപ്പില്ല. അപ്പഴും അവരാലാണ് ഞാന്‍ ജീവിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയുന്നു. കാവാലവും  അരവിന്ദനും എനിക്കച്ഛനമ്മമാര്‍ക്കു സമം. എന്‍ എല്‍ ബി എന്ന ബാലണ്ണന്‍, ഗോപിച്ചേട്ടന്‍, പപ്പന്‍, മേക്കപ്മാന്‍ പപ്പനാഭന്‍, എം ജി രാധാകൃഷ്ണന്‍, ദേവദാസ്, ഞെരളത്ത്, കൊട്ടറ ഗോപാലകൃഷ്ണന്‍, ആര്‍ ആര്‍ നായര്‍, ശങ്കരേട്ടന്‍, എസ് പി രമേഷ്, കാട്ടുമാടം, കസ്റ്റംസ് വിജയരാഘവന്‍... അങ്ങനെ ഒട്ടെല്ലാവരും തമ്പിറങ്ങിപ്പോയി. ആരൊക്കെ പോയാലും നിളയെന്ന സ്‌നേഹത്തിന്റെ നീരൊഴുക്ക് എന്നുമവശേഷിക്കുമെന്നായിരുന്നു പ്രതീക്ഷ; പക്ഷെ, അവസാന അഭയവും ഇല്ലാതാവുന്നതു പോലെ. മെലിഞ്ഞും ഉണങ്ങിയും ആ മഹാനദി കഥാവശേഷയാവുന്നത് ഇന്നു ഞാന്‍ കാണുന്നു. ഈ വരുന്ന 17ന് (17.3.2018 ശനിയാഴ്ച) വൈകീട്ട് തമ്പിന്റെ ഓര്‍മ്മകളില്‍ നമ്മള്‍ നിളയോരത്ത് ഒത്തുകൂടുന്നു. അതേ, തമ്പിന്റെ സ്മരണയേക്കാളേറെ നിളക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയാവുമത്. നിങ്ങളെല്ലാവരും വരണം. സ്‌നേഹപൂര്‍വ്വം, നെടുമുടി വേണു   Read on deshabhimani.com

Related News