കല്‍പ്പനയുടെ മകള്‍ കുഞ്ചിയമ്മയായി വെള്ളിത്തിരയിലേക്ക്കൊച്ചി > അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ പുതുമുഖസംവിധായകന്‍ സുമേഷ് ലാലിന്റെ 'കുഞ്ചിയമ്മയും അഞ്ച് മക്കളും' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറുന്നു. കുഞ്ചിയമ്മ എന്ന കഥാപാത്രമായാണ് ശ്രീസംഖ്യ വേഷമിടുന്നത്. കല തന്റെ രക്തത്തില്‍ ഉള്ളതിനാല്‍ മികച്ച പ്രകടനം നടത്താന്‍കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ശ്രീസംഖ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളത്തിലെ ഹാസ്യ രാഞ്ജിയായിരുന്ന കല്‍പ്പനയുടെ മകള്‍ക്ക് പക്ഷേ ബോള്‍ഡ് ക്യാരക്ടറിനോടാണ് പ്രിയം. തമിഴില്‍നിന്നുള്‍പ്പെടെ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ശ്രീസംഖ്യ പറഞ്ഞു. ചെന്നൈയില്‍ ഒന്നാംവര്‍ഷ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയാണ് ശ്രീസംഖ്യ. ഇന്ത്യന്‍ നിര്‍മിത സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന ഒരു വ്യാപാരകേന്ദ്രമായ ഗാന്ധി ബസാറിനെ കേന്ദ്രീകരിച്ചാണ് സിനിമ.  ഗാന്ധി ബസാറിന്റെ സംരക്ഷകരായ 20 വയസ്സുള്ള കുഞ്ചിയമ്മയും 40 വയസ്സിനുമേല്‍ പ്രായമുള്ള അഞ്ച് 'മക്കളും' തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ കുഞ്ചിയമ്മയുടെ അഞ്ച് മക്കളായി കലാഭവന്‍ ഷാജോണ്‍, ശ്രീജിത് രവി, ഇര്‍ഷാദ്, സാജു നവോദയ, ബിനു പപ്പു എന്നിവരും അഭിനയിക്കുന്നു. ഇവരോടൊപ്പം തമിഴ് നടന്‍ നാസര്‍, ടിനി ടോം, സുധീര്‍ കരമന എന്നിവരും വേഷമിടുന്നു. അബ്രാ മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അബ്ദുള്‍ റഷീദാണ് നിര്‍മാതാവ്. സംഗീതസംവിധാനം ജോബി ഹിമഗിരി. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സുമേഷ് ലാല്‍, ടിനി ടോം, നടി കലാരഞ്ജിനി എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News