നോട്ടുനിരോധനം, ജിഎസ്‌ടി ; വിദ്വേഷം, അസഹിഷ്ണുത - ഇരട്ടപ്രഹരം, ഇന്ത്യ 2017കറന്‍സി പിന്‍വലിക്കലും തിരക്കിട്ടുള്ള ജിഎസ്ടി നടപ്പാക്കലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതമാണ് 2017ലെ സാമ്പത്തിക അവലോകനചര്‍ച്ചയില്‍ മുഖ്യമായും ഉയര്‍ന്നത്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇരട്ടപ്രഹരം വലിയ ആഘാതമായി. 2017 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജിഡിപി വളര്‍ച്ചനിരക്ക് 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞു. മൂന്നരവര്‍ഷ കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കായിരുന്നു ഇത്. ജൂലൈ- സെപ്തംബര്‍ കാലയളവില്‍ വളര്‍ച്ചനിരക്ക് 6.3ലേക്ക് ഉയര്‍ന്നെങ്കിലും സമ്പദ്വ്യവസ്ഥ പ്രതിസന്ധിയില്‍തന്നെ. ഉല്‍പ്പന്നനിര്‍മാണത്തിലും കയറ്റുമതിയിലുമെല്ലാം വലിയ ഇടിവ് 2017ല്‍ സംഭവിച്ചു. വ്യാപാരകമ്മി ഒക്ടോബറില്‍ 35 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. കയറ്റുമതിയിലെ ഇടിവാണ് ഈയൊരു സാഹചര്യം സൃഷ്ടിച്ചത്. വേണ്ടത്ര ഒരുക്കങ്ങളില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കലാണ് കയറ്റുമതിയിലെ ഇടിവിന് കാരണമായത്. ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ കയറ്റുമതി സാധ്യതകളെയാണ് ജിഎസ്ടി സൃഷ്ടിച്ച അവ്യക്തതകള്‍ ദോഷമായി ബാധിച്ചത്. അതേസമയം, ഇറക്കുമതിയിലെ വര്‍ധന തുടരുകയും ചെയ്തു. ഇതോടെ വ്യാപാരകമ്മി 896 ശതകോടി രൂപയായി ഉയര്‍ന്നു. തൊഴില്‍രംഗത്തുണ്ടായ മാന്ദ്യം കറന്‍സി പിന്‍വലിക്കലിന്റെ ബാക്കിപത്രമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുപ്രകാരം 2017 ജനുവരി- ഏപ്രില്‍ കാലയളവില്‍ മാത്രമായി 15 ലക്ഷം തൊഴില്‍നഷ്ടം രാജ്യത്ത് സംഭവിച്ചു. ആകെ തൊഴിലുകളുടെ എണ്ണം 40.65 കോടിയില്‍നിന്ന് 40.5 കോടിയിലേക്ക് ഇടിഞ്ഞു. ലേബര്‍ ബ്യൂറോയുടെ കണക്കുകളും രാജ്യത്തെ പ്രധാനപ്പെട്ട തൊഴില്‍മേഖലകളിലെല്ലാം വ്യാപകമായ തൊഴില്‍ നഷ്ടത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അര്‍ധരാത്രി പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്താണ് മോഡിസര്‍ക്കാര്‍ ജിഎസ്ടി പ്രഖ്യാപനം നടത്തിയത്. രാജ്യം ഇതേവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ നികുതിപരിഷ്കാരമായി സര്‍ക്കാര്‍ ജിഎസ്ടിയെ വിശേഷിപ്പിച്ചെങ്കിലും വ്യാപാരമേഖലയില്‍ വലിയ ആശയക്കുഴപ്പമാണ് പിന്നീട് കണ്ടത്. വ്യത്യസ്ത നികുതിനിരക്കുകളും നിരക്കുകളില്‍ തുടര്‍ച്ചയായി വരുത്തിയ മാറ്റങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ വന്ന പാകപ്പിഴകളും റീഫണ്ടിങ്ങിലെ കാലതാമസവുമെല്ലാം വ്യാപാരസമൂഹത്തെ അസ്വസ്ഥമാക്കി. പല പ്രധാന തൊഴില്‍മേഖലകളും സ്തംഭിച്ചു. കറന്‍സി പിന്‍വലിക്കലിന് തൊട്ടുപിന്നാലെ വന്ന പരിഷ്കാരമായതിനാല്‍തന്നെ ജിഎസ്ടി സാമ്പത്തികമേഖലയിലെ പ്രശ്നങ്ങളെ രൂക്ഷമാക്കി. കറന്‍സി പിന്‍വലിക്കലിലൂടെ മൂന്നുലക്ഷം കോടിയുടെയെങ്കിലും കള്ളപ്പണം ഇല്ലാതാകുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, പ്രചാരത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി 500, 1000 രൂപ നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചതോടെ അവകാശവാദങ്ങള്‍ പൊള്ളയായി. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കല്‍, തീവ്രവാദം തുടച്ചുനീക്കല്‍, അതിര്‍ത്തിസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കല്‍ തുടങ്ങി കറന്‍സി പിന്‍വലിക്കലിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളൊന്നുംതന്നെ നിറവേറ്റപ്പെട്ടില്ല. പെട്രോളിയംവില ബാരലിന് 50 ഡോളറില്‍ താഴെയായി നിലനിന്ന ഘട്ടമായിട്ടുകൂടി 2017നെ പ്രയോജനപ്പെടുത്താന്‍ മോഡി സര്‍ക്കാരിനായില്ല. അന്താരാഷ്ട്രവിപണിയില്‍ പെട്രോളിയംവില വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ 2018ഉം സര്‍ക്കാരിന് വലിയ വെല്ലുവിളിയാകും. വിദ്വേഷം, അസഹിഷ്ണുത എം പ്രശാന്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ശേഷിക്കെ തീവ്രഹിന്ദുത്വ രാഷ്ട്രീയമെന്ന തനതുഗുണം മറയില്ലാതെ പുറത്തെടുക്കുകയാണ് സംഘപരിവാര്‍. എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുവച്ച വികസനവാഗ്ദാനങ്ങളെല്ലാം പാളിയ സാഹചര്യത്തിലാണിത്. അയോധ്യപ്രശ്നമടക്കം സജീവമാക്കിയും വര്‍ഗീയധ്രുവീകരണം തീവ്രമാക്കിയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കുകയാണ് ലക്ഷ്യം. ധ്രുവീകരണനീക്കങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളെ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത്. ന്യൂനപക്ഷ മതസ്ഥനെന്ന് തിരിച്ചറിയപ്പെട്ടാല്‍ വര്‍ഗീയവാദികള്‍ കടന്നാക്രമിക്കുന്ന ഒട്ടനവധി സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജസ്ഥാനിലെ രാജ്സമന്ദില്‍ ന്യൂനപക്ഷ മതക്കാരനായ ഒരു   മധ്യവയസ്കനെ ജീവനോടെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങള്‍ രാജ്യം അടുത്തയിടെ നടുക്കത്തോടെ കണ്ടു. ബംഗാളില്‍നിന്നുള്ള തൊഴിലാളിയായ മുഹമദ് അഫ്രസുളാണ് ഡിസംബര്‍ ആറിന് മൃഗീയമായി കൊല്ലപ്പെട്ടത്. ശംഭുലാല്‍ റീഗറെന്ന വര്‍ഗീയവാദിയാണ് അഫ്രസുള്‍ ഒരു പ്രത്യേക മതവിഭാഗക്കാരനെന്ന ഒറ്റക്കാരണത്താല്‍ മറ്റ് ഒരു മുന്‍വൈരാഗ്യവും കൂടാതെ നീചമായ കൊലപാതകം നടത്തിയത്. റീഗറിന്റെ പതിനാലുകാരനായ അനന്തരവന്‍ ഈ ക്രൂരകൃത്യം മൊബൈലില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ജിഹാദ്, ലൌ ജിഹാദ്, പാകിസ്ഥാന്‍ തുടങ്ങി തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകങ്ങള്‍ റീഗര്‍ വളരെ 'ആത്മാഭിമാനത്തോടെ' വിവരിക്കുന്നു. റീഗറിനെ പിന്തുണച്ച് സംഘപരിവാര്‍ സംഘടനകള്‍ സജീവമായി രംഗത്തുവന്നുവെന്നത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു. രാജ്സമന്ദിലും സംസ്ഥാനത്തെ മറ്റു പട്ടണങ്ങളിലും റീഗറിനെ പിന്തുണച്ച് പരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. റീഗറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ കലാപത്തിനും പരിവാര്‍ സംഘടനകള്‍ മുതിര്‍ന്നു. ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ ബല്ലഭ്ഗഡില്‍ ജുനൈദ് എന്ന പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടതും ന്യൂനപക്ഷ മതക്കാരനെന്ന ഒറ്റക്കാരണത്താലാണ്. പെരുന്നാള്‍ തലേന്ന് ഡല്‍ഹിയിലെത്തി വസ്ത്രങ്ങളും മറ്റും വാങ്ങി ട്രെയിനില്‍ ബല്ലഭ്ഗഡിലേക്ക് മടങ്ങവെയാണ് ജുനൈദും സഹോദരനും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടത്. ഒരു പ്രകോപനവും കൂടാതെയായിരുന്നു ഇവിടെയും ആക്രമണം. ട്രെയിനില്‍വച്ച് ഒരു സംഘം വര്‍ഗീയവാദികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പശുസംരക്ഷകരെന്ന് അവകാശപ്പെട്ട അക്രമിസംഘമാണ് രാജസ്ഥാനിലെ അല്‍വാറില്‍ പെഹ്ലുഖാന്‍, ഉമര്‍ഖാന്‍ എന്നീ ക്ഷീരകര്‍ഷകരെ കൊലപ്പെടുത്തിയത്. പശുക്കളെ വാങ്ങി മടങ്ങുംവഴിയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് പെഹ്ലുഖാന്‍ കൊല്ലപ്പെട്ടത്. നവംബര്‍ 11നാണ് മുപ്പത്തഞ്ചുകാരനായ ഉമന്‍ഖാന്‍ കൊല്ലപ്പെട്ടത്. റെയില്‍ ട്രാക്കില്‍ വെടിയേറ്റ നിലയില്‍ കാണപ്പെടുകയായിരുന്നു. അല്‍വാറിലും സമീപപ്രദേശങ്ങളിലും ന്യൂനപക്ഷ മതസ്ഥര്‍ ആക്രമിക്കപ്പെടുന്ന ഒട്ടനവധി സംഭവങ്ങള്‍ 2017ല്‍ ഉണ്ടായി. ക്രൈസ്തവര്‍ക്കുനേരെയും ആക്രമണം വ്യാപകമായിട്ടുണ്ട്. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമെല്ലാം പള്ളികളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുനേരെ ആക്രമണങ്ങളും ഭീഷണിയുമുണ്ടായി. പലയിടത്തും കരോള്‍സംഘങ്ങള്‍ ആക്രമിക്കപ്പെട്ടു. മൂന്നുവര്‍ഷ കാലയളവില്‍ 2098 വര്‍ഗീയസംഘര്‍ഷ സംഭവങ്ങളിലായി 278 പേര്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍കണക്ക്. 450 സംഭവങ്ങളിലായി 77 പേര്‍ കൊല്ലപ്പെട്ട യുപിയാണ് വര്‍ഗീയകലാപങ്ങളില്‍ മുന്നില്‍. മഹാരാഷ്ട്ര, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. ഭരണഘടനയില്‍നിന്ന് 'മതനിരപേക്ഷത' എന്ന വാക്ക് നീക്കം ചെയ്യുമെന്ന് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ പരസ്യമായി പറഞ്ഞു. സംഘപരിവാര്‍ ലക്ഷ്യമിടുന്നത് എന്തെന്ന് മന്ത്രിയുടെ വാക്കുകളില്‍നിന്ന് വ്യക്തം. നിര്‍ഭയം ഗൌരി ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും രൂക്ഷവിമര്‍ശകയായ മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ സെപ്തംബര്‍ അഞ്ചിന് ബംഗളൂരുവിലെ വീടിനുമുന്നില്‍ വെടിവച്ചുകൊന്നു. കൊലയാളികളുടെ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെങ്ങും വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. സംഘപരിവാറിനെ അസ്വസ്ഥമാക്കിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധാബോല്‍ക്കര്‍, എം എം കലബുര്‍ഗി എന്നിവരുടെ നിരയിലെ ഏറ്റവും ഒടുവിലത്തെ ജ്വലിക്കുന്ന പ്രതീകമായി ഗൌരി ലങ്കേഷ്. സ്വകാര്യത സ്വകാര്യം തന്നെ ചരിത്രം സൃഷ്ടിക്കുന്ന വിധികളും രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ ചലനമുണ്ടാക്കിയ ഉത്തരവുകളും നിരവധി വിവാദങ്ങളും സൃഷ്ടിച്ച വര്‍ഷമായിരുന്നു 2017. സ്വകാര്യത ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൌലികാവകാശംതന്നെയെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ആധാറിന്റെ ഭരണഘടനാപരമായ സാധുത ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സ്വകാര്യത മൌലികാവകാശമാണോ എന്ന വിഷയം കോടതി പരിഗണിച്ചത്. സ്വകാര്യതയേക്കാള്‍ പരിഗണന നല്‍കേണ്ടത് ആധാര്‍പോലുള്ള പദ്ധതികള്‍ക്കാണെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി.വ്യക്തികള്‍ക്കും പൌരാവകാശങ്ങള്‍ക്കുമാണ് ഭരണഘടനയുടെ പ്രഥമപരിഗണനയെന്ന് ഒമ്പതംഗ ഭരണഘടനാബെഞ്ച് പ്രസ്താവിച്ചു. * ആധാര്‍ ഉത്തരവ് ബാങ്ക് അക്കൌണ്ടുകളും സര്‍ക്കാര്‍ ക്ഷേമപദ്ധതികളും മൊബൈല്‍ഫോണും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31ലേക്ക് നീട്ടിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് സാധാരണക്കാരുടെ ആശയക്കുഴപ്പം മാറ്റാന്‍ സഹായമായി. * മുത്തലാഖ്  മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് ഉത്തരവിട്ടത് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ചയായി. മുത്തലാഖിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ അധ്യക്ഷനായ ബെഞ്ചാണ് ചരിത്രവിധി പുറപ്പെടുവിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്ളിംവനിത വിവാഹസംരക്ഷണബില്‍ ലോക്സഭയില്‍ പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് ഈവര്‍ഷം അവസാനം പാസാക്കി. * ഹാദിയക്ക്     പഠിക്കാം രാജ്യവ്യാപകമായി ചര്‍ച്ചചെയ്ത ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായി. ഹാദിയയുടെ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. * ഗാര്‍ഹിക ബലാത്സംഗം പ്രായപൂര്‍ത്തിയാകാത്ത ഭാര്യമാരുമായുള്ള ശാരീരികബന്ധം ബലാത്സംഗമായി കണക്കാക്കണമെന്നും പരാതി ലഭിക്കുന്ന സാഹചര്യത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള ജസ്റ്റിസുമാരായ മദന്‍ ബി ലോക്കുര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവും ശ്രദ്ധേയമായി. * ജഡ്ജിമാര്‍ക്കെതിരെ ചോദ്യങ്ങള്‍ മെഡിക്കല്‍ കോളേജുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട കേസില്‍ ജഡ്ജിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഹര്‍ജികള്‍ പരമോന്നത നീതിപീഠത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. ആരോപണമുന്നയിച്ച എന്‍ജിഒയായ സിജെഎആറിന് കോടതി 25 ലക്ഷം രൂപ പിഴ ചുമത്തി. * സുപ്രധാന വിധികള്‍ അയോധ്യഭൂമി കേസില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം വാദംകേള്‍ക്കണമെന്ന ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഡല്‍ഹി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അധികാര വടംവലിസംബന്ധിച്ച കേസില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്ധവാന്‍ രാജിവച്ചത് വിവാദമായി. രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സുപ്രീംകോടതി ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ തടയാന്‍ കര്‍ശനവ്യവസ്ഥകളും പുറപ്പെടുവിച്ചു. ആരുഷി തല്‍വാര്‍ വധക്കേസില്‍ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. 1993 മുംബൈ സ്ഫോടനക്കേസില്‍ അബുസലിം ഉള്‍പ്പെടെയുള്ള പ്രതികളെ മുംബൈ ടാഡ കോടതി ശിക്ഷിച്ചു. രാജസ്ഥാനില്‍ കര്‍ഷകവിജയം മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും ഹരിയാനയ്ക്കും പിന്നാലെ രാജസ്ഥാനിലുണ്ടായ കര്‍ഷകപ്രക്ഷോഭം ഐതിഹാസികവിജയം നേടി. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ 13 ദിവസം സംസ്ഥാനത്തെ സമരം നിശ്ചലമാക്കി. ഒടുവില്‍ വസുന്ധര രാജെയുടെ  നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിച്ചു. സിക്കറില്‍ ആരംഭിച്ച സമരം 20 ജില്ലയിലേക്ക് വ്യാപിച്ചു. 144 പ്രഖ്യാപിച്ചും നേതാക്കളെ അറസ്റ്റ് ചെയ്തും സമരത്തെ അടിച്ചമര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ ശ്രമങ്ങളെ അതിജീവിച്ച് നേടിയ വിജയം രാജ്യത്താകെയുള്ള കര്‍ഷകസമരങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ്. മഹാരാഷ്ട്രയില്‍ കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് ന്യായവില ആവശ്യപ്പെട്ട് പാല്‍-പച്ചക്കറി-നെല്‍ക്കര്‍ഷകര്‍ നടത്തിയ സംയുക്തകര്‍ഷകപ്രക്ഷോഭം മുംബൈ മെട്രോ നഗരത്തെ ദിവസങ്ങളോളം പിടിച്ചുലച്ചു. കാര്‍ഷകസംഘടനയായ ഷെത്കാരി സംഘടന്‍ എന്‍ഡിഎയില്‍നിന്ന് പിന്മാറി. മധ്യപ്രദേശില്‍ 5 കര്‍ഷകരെ വെടിവച്ചുകൊന്നു മധ്യപ്രദേശില്‍ ജൂണ്‍ ഏഴിന് നടന്ന കര്‍ഷകപ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു.വായ്പ ഇളവും ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവിലയും ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനുനേരെ പടിഞ്ഞാറാന്‍ മധ്യപ്രദേശിലെ മന്ദസോര്‍ ജില്ലയിലാണ് വെടിവയ്പുണ്ടായത് തമിഴ് കര്‍ഷകപ്രക്ഷോഭം തമിഴ്നാട്ടില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തിയ പ്രക്ഷോഭം രാജ്യത്തെ കര്‍ഷകരുടെ നീറുന്ന പ്രതിസന്ധികളിലേക്ക് ദേശീയ-അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ആത്മഹത്യചെയ്ത കര്‍ഷകരുടെ തലയോട്ടിയേന്തി മൂത്രംകുടിച്ചും മലംഭക്ഷിച്ചും തല മുണ്ഡനംചെയ്തും അവര്‍ കര്‍ഷകരുടെ വേദന ലോകത്തോട് വിളിച്ചുപറഞ്ഞു. യെച്ചൂരിക്കുനേരെ കാവിഭീകരത രാജ്യത്താകെ നടമാടുന്ന സംഘപരിവാര്‍ ഭീകരത എ കെ ജി ഭവനില്‍ അതിക്രമിച്ചുകയറി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആക്രമിക്കുംവരെയെത്തി. ജൂണ്‍ ഏഴിന് പൊളിറ്റ്ബ്യൂറോ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്താനെത്തിയ യെച്ചൂരിയെ ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകരാണ് ആക്രമിച്ചത്. ഉപേന്ദ്രകുമാര്‍, പവന്‍ കൌള്‍ എന്നിവരാണ് ആക്രമണം നടത്തിയത്. മോഡിഭരണത്തില്‍ എ കെ ജി ഭവനു നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളെയും ജെഎന്‍യുവിലെ വിദ്യാര്‍ഥി വേട്ടയെയും ചോദ്യംചെയ്തതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. 2016ല്‍  എ കെ ജി ഭവനിലേക്ക് തുടര്‍ച്ചയായി മാര്‍ച്ച് നടത്തുകയും 'പാകിസ്ഥാന്‍ ഓഫീസ്' എന്നെഴുതിവയ്ക്കുകയും ചെയ്തിരുന്നു. കേരളത്തില്‍ ആര്‍എസ്എസുകാരെ കൊല്ലുന്നെന്ന വ്യാജപ്രചാരണം അഴിച്ചുവിട്ട് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി എ കെ ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി. പിണറായിക്കുനേരെ കൊലവിളി മാര്‍ച്ച് മൂന്നിന് മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്ത് പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് പ്രസംഗിച്ചു. കേരളത്തിലെ ആര്‍എസ്എസുകാരെ കൊലപ്പെടുത്തുന്നെന്ന് ആരോപിച്ചായിരുന്നു കൊലവിളി പ്രസംഗം. വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പിന്നിട് ചന്ദ്രാവത്തിനെതിരെ കേസ് എടുത്തു. സംഘപരിവാര്‍ ഭീഷണിയുമായി രംഗത്ത് വന്നെങ്കിലും പിണറായി വിജയന്‍ ഫെബ്രുവരി 25ന് മംഗളൂരുവിലും മാര്‍ച്ച് 19ന് ഹൈദരാബാദിലും പൊതുയോഗത്തില്‍ പങ്കെടുത്തു. മംഗളൂരുവില്‍ സിപിഐ എം സംഘടിപ്പിച്ച ഐക്യതാറാലിയിലാണ് പ്രസംഗിച്ചത്. തെലങ്കാന സിപിഐ എം സംസ്ഥാന സെക്രട്ടറി വീരഭദ്ര നയിച്ച മഹാജനപദ റാലിയുടെ സമാപനം കുറിച്ച് ഹൈദരാബാദ് സരൂര്‍ നഗര്‍ ഗ്രൌണ്ടില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പിണറായി സംസാരിച്ചത്. ഭയപ്പെടുത്തി നിശ്ശബ്ദനാക്കാമെന്ന മോഹം സംഘപരിവാറിന് ഉപേക്ഷിക്കേണ്ടിവന്നു. കണ്ണ്   ചൂഴ്ന്നെടുക്കാന്‍ വരുന്നവര്‍ ഒക്ടോബര്‍ പതിനേഴിന് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ സിപിഐ എമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പ്രസംഗിച്ചത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ കണ്ണിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് പ്രതിഷേധിച്ചത്. കേരളം മാതൃക സംഘപരിവാര്‍ ഭീകരതയെ പ്രതിരോധിക്കാന്‍ ചങ്കൂറ്റത്തോടെയുള്ള നിലപാടെടുക്കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയായി മാറി. അതുകൊണ്ടുതന്നെ സിപിഐ എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കൊലവിളിയുമായി ആര്‍എസ്എസുകാര്‍ രംഗത്തുവന്നു. വെള്ളിത്തിരയിലും വേട്ടയാടല്‍ സംഘപരിവാറും ബിജെപിയും ആവിഷ്കാരസ്വാതന്ത്യ്രത്തിനുനേരെ വലിയ ഭീഷണി ഉയര്‍ത്തിയ വര്‍ഷമാണ് കടന്നുപോയത്. സഞ്ജയ്  ലീല ബന്‍സാലി സംവിധാനം ചെയ്ത 'പത്മാവതി'യില്‍ രജപുത്രരെ അപമാനിക്കുന്നെന്ന് ആരോപിച്ച് സിനിമയ്ക്കെതിരെ കര്‍ണിസേന എന്ന സംഘടന രംഗത്തെത്തി. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ക്കെതിരെയും നായിക ദീപിക പദുകോണിനെതിരെയും വധഭീഷണി ഉയര്‍ന്നു. ജിഎസ്ടിയെ വിമര്‍ശിച്ചെന്ന് ആരോപിച്ച് വിജയ് ചിത്രം മെര്‍സലിനും ഭിഷണി നേരിട്ടു. സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗയുടെ പേര് എസ് ദുര്‍ഗ എന്നു മാറ്റിയിട്ടും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. നൂഡ് എന്ന മറാത്തി ചിത്രവും പ്രദര്‍ശനപ്രതിസന്ധി നേരിടുകയാണ്. ഇരുചിത്രങ്ങളും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചില്ല. യുപിയിലെ ശിശുരോദനം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 290 കുട്ടികള്‍ ജീവവായു കിട്ടാതെ മരിച്ച വാര്‍ത്ത സംസ്ഥാനത്തിന്റെ ആരോഗ്യപരിചരണമേഖലയുടെ ദാരുണചിത്രം തുറന്നുകാട്ടി. ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ ഞെട്ടിപ്പിക്കുന്ന സംഭവം ആഗസ്ത് അവസാനമാണ് പുറത്തുവന്നത്. * ജാര്‍ഖണ്ഡിന് വിശക്കുന്നു ആധാര്‍ ബന്ധിപ്പിക്കാത്തതുമൂലം റേഷന്‍ കിട്ടാതെ പട്ടിണികിടന്നു മരിച്ച പെണ്‍കുട്ടിയുടെ വാര്‍ത്ത ജാര്‍ഖണ്ഡിലെ ദാരുണ യാഥാര്‍ഥ്യം തുറന്നുകാട്ടി. ജീവന്‍ നഷ്ടമാകുന്നതിന് തൊട്ടുമുമ്പുപോലും ഒരിറ്റ് ചോറുകിട്ടുമോയെന്ന് പതിനൊന്നുകാരിയായ സന്തോഷികുമാരി ചോദിച്ചെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ കരളലിയിക്കുന്നതായി. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് സംഭവം. നൊമ്പരമായി കുല്‍ഭൂഷണ്‍ ചാരവ്യത്തി അരോപിച്ച് നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ സേന അറസ്റ്റ് ചെയ്തതും വധശിക്ഷ വിധിച്ചതും ഇന്ത്യക്കും പാകിസ്ഥാനുമടിയില്‍ പുതിയതര്‍ക്കത്തിന് വഴിയൊരുക്കി. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ഇന്ത്യക്ക് വധശിക്ഷ തല്‍ക്കാലത്തേക്ക് റദ്ദാക്കാനായി. എന്നാല്‍, ഇസ്ളാമാബാദിലെത്തി കുല്‍ഭൂഷണെ സന്ദര്‍ശിച്ച അമ്മയ്ക്കും ഭാര്യക്കും നേരിട്ട ദുരനുഭവം പാര്‍ലമെന്റില്‍ ചര്‍ച്ചയായി. ജെല്ലിക്കട്ടിനായി  തമിഴകം സുപ്രീംകോടതിയുടെ ജെല്ലിക്കട്ട് നിരോധനത്തോട് തമിഴ് യുവജനതയുടെ പ്രതികരണം ദേശീയ- അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ജെല്ലിക്കട്ട് അനുകൂല മുദ്രാവാക്യം മുഴക്കി ചെന്നൈ മറീന ബീച്ചില്‍ യുവജനങ്ങള്‍ തമ്പടിച്ചത് വന്‍ ജനകീയമുന്നേറ്റമായി മാറി.  പ്രക്ഷോഭം ചിലപ്പോഴെല്ലാം കലാപത്തിലേക്ക് വഴിമാറിയെങ്കിലും തമിഴ്പോരാട്ടവീര്യത്തിന്റെ പ്രതീകമായി പ്രക്ഷോഭം വിലയിരുത്തപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും സാമൂഹ്യമാധ്യമങ്ങളും തമിഴ് സിനിമാപ്രവര്‍ത്തകരും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു.  സംസ്ഥാന സര്‍ക്കാര്‍ ജെല്ലിക്കട്ടിന് അനുകൂലമായി ഓര്‍ഡിനന്‍സ് ഇറക്കിയതോടെയാണ് പ്രക്ഷോഭം അവസാനിച്ചത്. ആഗോളവല്‍ക്കരണവിരുദ്ധ മുദ്രാവാക്യങ്ങളും ജെല്ലിക്കട്ടുപ്രക്ഷോഭത്തില്‍ മുഴങ്ങി.  മി ടു ക്യാമ്പയിന്‍ ഹോളിവുഡ് നടിമാരെ പിന്‍പറ്റി ഇന്ത്യയിലും മി ടു ക്യാമ്പയിന്‍ കരുത്താര്‍ജിച്ചു.  ഫെയ്സ്ബുക്കും ട്വിറ്ററുംവഴി നൂറുകണക്കിന് സ്ത്രീകള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്ന ലൈംഗിക കൈയേറ്റങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ തയ്യാറായി.   Read on deshabhimani.com

Related News