ഓഖി ദുരന്തം: മാധ്യമങ്ങള്‍ മറച്ചുവച്ചത്



തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് കടലില്‍ ഇത്തരമൊരു ദുരന്തം നേരിട്ടത്. നവംബര്‍ 30ന് കേരളതീരത്ത് ചുഴലി ആഞ്ഞടിക്കുമ്പോള്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും കോസ്റ്റ്ഗാര്‍ഡും യോജിച്ചുനടത്തിയ തെരച്ചിലില്‍ ഒട്ടനവധി ജീവന്‍ രക്ഷപ്പെടുത്തി. ആഴക്കടലില്‍ ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിരോധവിഭാഗങ്ങളോട് കേരള സര്‍ക്കാര്‍ കടപ്പെട്ടിരിക്കുന്നു. കടലില്‍ ആ സമയത്തുണ്ടായിരുന്ന മര്‍ച്ചന്റ് ഷിപ്പുകളും ഇതര ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു. ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു എന്ന തെറ്റിദ്ധാരണ പരത്താന്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സാധ്യത സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പില്‍നിന്ന് സംസ്ഥാനത്തിന് സന്ദേശം ലഭിച്ചത് 30ന് പകല്‍ 12നുമാത്രമാണ്. അപ്പോഴേക്കും ചുഴലി കേരളതീരത്ത് എത്തിയിരുന്നു. ദുരന്തത്തില്‍പ്പെട്ട ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും ഒന്നോ രണ്ടോ അതിലധികമോ ദിവസംമുമ്പ് കടലില്‍പോയവരായിരുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നല്‍കാനുള്ള നോഡല്‍ ഏജന്‍സി. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെയും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് മാനദണ്ഡപ്രകാരമുളള ഒരു മുന്നറിയിപ്പും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. മേല്‍പറഞ്ഞ മാനദണ്ഡപ്രകാരം ചുഴലിക്കാറ്റിനുമുമ്പായി 4 തലത്തിലുള്ള മുന്നറിയിപ്പ് നല്‍കേണ്ടതാണ്. ആദ്യഘട്ടം 72 മണിക്കൂറിനുമുമ്പ് പ്രീ സൈക്ളോണ്‍ വാച്ച് എന്ന അറിയിപ്പ് നല്‍കണം. ഈ അറിയിപ്പില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട് എന്ന് സംസ്ഥാനങ്ങളെ അറിയിക്കണം. രണ്ടാംഘട്ടമായി 48 മണിക്കൂറിനുമുമ്പ് സൈക്ളോണ്‍ അലര്‍ട്ട് അറിയിപ്പ് നല്‍കണം. ചുഴലിക്കാറ്റിനുസാധ്യതയുണ്ട് എന്നും അതുബാധിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍ ഏതെന്നും അറിയിക്കണം.  ദുരന്തനിവാരണ അതോറിറ്റി, മാധ്യമങ്ങള്‍, പൊതുജനങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിര്‍ദേശവും സൈക്ളോണ്‍ അലര്‍ട്ടില്‍ ഉണ്ടാകണം. മൂന്നാംഘട്ടമായി 24 മണിക്കൂറിനുമുമ്പ് സൈക്ളോണ്‍ വാണിങ് എന്ന അറിയിപ്പ് നല്‍കണം. തീരത്ത് എത്ര മണിമുതല്‍ കാലാവസ്ഥ മോശമാകാന്‍ സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റിന്റെ തീവ്രത എന്താകുമെന്നും ബാധിക്കാന്‍ സാധ്യതയുള്ള ജില്ലകള്‍ ഏതെന്നും സംസ്ഥാനങ്ങളെ അറിയിക്കണം. ഈ അറിയിപ്പ് എല്ലാ മൂന്നു മണിക്കൂറിലും നല്‍കണം. നാലാംഘട്ടമായി 12 മണിക്കൂറിനുമുമ്പായി പോസ്റ്റ് ലാന്‍ഡ് ഫാള്‍ ഔട്ട് ലുക്ക് അറിയിപ്പാണ് നല്‍കേണ്ടത്. ഈ അറിയിപ്പില്‍ ചുഴലി കരയിലെത്താന്‍ സാധ്യതയുള്ള സ്ഥലം, ദിശ എന്നിവയുണ്ടാകണം.  കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ 2013ലെ ചുഴലിക്കാറ്റ് മാനദണ്ഡങ്ങള്‍ പ്രകാരം ന്യൂനമര്‍ദം എന്ന സ്ഥിതിയില്‍ പ്രത്യേകം നടപടികള്‍ ശുപാര്‍ശചെയ്യുന്നില്ല. തീവ്ര ന്യൂനമര്‍ദം എന്ന സ്ഥിതിയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന അറിയിപ്പ് നല്‍കുകമാത്രമാണ് ശുപാര്‍ശ. ചുഴലിക്കാറ്റ് സംബന്ധിച്ച് സംസ്ഥാനത്തിന് 28നും 29നും മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 28ന് സമുദ്രനിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പുണ്ടായിരുന്നു. അത് ഇ-മെയിലായോ ഫാക്സ് വഴിയോ മറ്റേതെങ്കിലും സംവിധാനംവഴിയോ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ‘മീന്‍പിടിത്തക്കാര്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഉപദേശിക്കണമെന്ന സന്ദേശമാണ് സമുദ്രനിരീക്ഷണ കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍മാത്രം കൊടുത്ത ഈ അറിയിപ്പില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരിടത്തും ന്യൂനമര്‍ദം ഉണ്ടെന്നോ അറിയിപ്പ് ന്യൂനമര്‍ദവുമായി ബന്ധപ്പെട്ടതാണ് എന്നോ ഇല്ല. കാലാവസ്ഥാനിരീക്ഷണ വകുപ്പില്‍നിന്ന് 28ന് ന്യൂനമര്‍ദമോ ചുഴലിയോ സംബന്ധിച്ച ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. നവംബര്‍ 29ന് 2.30ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസില്‍ (ഇന്‍കോയിസ്)നിന്ന് അറിയിപ്പ് ലഭിച്ചിരുന്നു. കേരളതീരത്ത് 45-55 കി.മീ വേഗത്തില്‍ കാറ്റടിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമുള്ള ഉപദേശമായിരുന്നു ആ അറിയിപ്പില്‍. ഈ വിവരം എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും അന്ന് വൈകിട്ട് 4.30നുതന്നെ ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അറിയിപ്പ് ചില മാധ്യമങ്ങള്‍മാത്രമാണ് പ്രസിദ്ധീകരിച്ചത്. അതും അപ്രധാനമായി. 29ന് പകല്‍ 11.50നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് ആദ്യ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയില്‍ ന്യൂനമര്‍ദം ഉണ്ടായിട്ടുണ്ട് എന്നും കേരളതീരത്ത് 45-55 കി.മീ. വേഗത്തില്‍ കാറ്റ് വീശും എന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ഉപദേശിക്കണം എന്നുമായിരുന്നു ഈ ബുള്ളറ്റിന്‍. ഇതില്‍ ഒരിടത്തും കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് മാനദണ്ഡപ്രകാരമുള്ള പ്രീ സൈക്ളോണ്‍ വാച്ച് അറിയിപ്പില്ല. ഇവിടംമുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അവരുടെ മാനദണ്ഡപ്രകാരമുള്ള നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തി. കേരളതീരത്ത് എന്തെങ്കിലും നാശനഷ്ടം പ്രതീക്ഷിക്കണം എന്നും അറിയിപ്പിലില്ല. 29ന് ഈ ബുള്ളറ്റിന്‍ വരുന്നതിന് മുമ്പുതന്നെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. 29ന് ഉച്ചയ്ക്ക് 2.15നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് രണ്ടാം ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയില്‍ ന്യൂനമര്‍ദമുണ്ടായിട്ടുണ്ടെന്നും കേരളതീരത്ത് 45-55 കി.മീ വേഗത്തില്‍ കാറ്റുവീശുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണം എന്നുമായിരുന്നു അറിയിപ്പ്. ഈ അറിയിപ്പിനൊപ്പം നല്‍കിയ ‘ഭൂപടത്തില്‍ ന്യൂനമര്‍ദപാത കേരളത്തില്‍നിന്ന് വളരെ ദൂരെയായിരുന്നു. ഇതിലൊരിടത്തും പ്രീ സൈക്ളോണ്‍ വാച്ച് അറിയിപ്പില്ല. ഇത് പ്രകാരം രണ്ടാം ബുള്ളറ്റിന്‍ ഇറക്കിയപ്പോഴും കേന്ദ്ര കാലാവസ്ഥാവകുപ്പ് അവരുടെ മാനദണ്ഡപ്രകാരമുള്ള നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തി. 29ന് വൈകിട്ട് 7.15നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  മൂന്നാം ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. ന്യൂനമര്‍ദപാത കേരളത്തില്‍നിന്ന് വളരെ ദൂരെയും തെക്കന്‍ ശ്രീലങ്കയില്‍നിന്ന് ലക്ഷദ്വീപിലേക്ക് പടിഞ്ഞാറന്‍ ദിശയിലായിരിക്കും എന്നുമാണ് ഇതില്‍ കാണിച്ചത്. ഇതിലും പ്രീ സൈക്ളോണ്‍ വാച്ച് അറിയിപ്പില്ല. മത്സ്യത്തൊഴിലാളികളെ കടലില്‍ പോകാന്‍ അനുവദിക്കരുത് എന്നും അറിയിപ്പില്ല. 30ന് പുലര്‍ച്ചെ 1.30നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നാലാം ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. ന്യൂനമര്‍ദം കന്യാകുമാരിയില്‍നിന്നും 270 കി.മീ. തെക്ക്-കിഴക്ക് മാറിയാണെന്നും ശ്രീലങ്കയില്‍നിന്ന് 110 കി.മീ. വടക്കുപടിഞ്ഞാറാണെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ഉപദേശിക്കണമെന്നുമാണ് ഈ ബുള്ളറ്റിനില്‍ ഉള്ളത്. നാലാം ബുള്ളറ്റിനിലും ചുഴലി മാനദണ്ഡപ്രകാരമുളള പ്രീ സൈക്ളോണ്‍ വാച്ച് അറിയിപ്പില്ല. 30ന് പുലര്‍ച്ചെ 5.30നാണ് അഞ്ചാമത്തെ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. കേരളതീരത്ത് 55-65 കി.മീ വേഗത്തില്‍ കാറ്റുവീശുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഉപദേശിക്കണമെന്നുമാണ് ഈ അറിയിപ്പില്‍. ഈ ബുള്ളറ്റിനിലും മാനദണ്ഡപ്രകാരമുള്ള പ്രീ സൈക്ളോ വാച്ച് എന്ന അറിയിപ്പില്ല. 30ന് രാവിലെ 8.30നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് ആറാം ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. ന്യൂനമര്‍ദം ഒരു തീവ്രന്യൂനമര്‍ദമായിമാറുമെന്ന് അതിലറിയിച്ചു. കേരളത്തിന് അപ്പോഴും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല. എന്നാല്‍, ലക്ഷദ്വീപിന് സൈക്ളോണ്‍ അലര്‍ട്ട് നല്‍കുകയുംചെയ്തു. ലക്ഷദ്വീപിന് സൈക്ളോണ്‍ അലര്‍ട്ട് കൊടുത്തപ്പോള്‍പോലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണം എന്ന് നിര്‍ദേശിച്ചിട്ടില്ല. ഇത് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഗുരുതര വീഴ്ചയാണ്. 30ന് പകല്‍ 12നാണ് ഏഴാം ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയെന്നും ഇതിലറിയിച്ചു. അപ്പോള്‍ ചുഴലിക്കാറ്റ് കന്യാകുമാരിക്ക് 60 കി.മീ. തെക്കും തിരുവനന്തപുരം തീരത്തുനിന്ന് 120 കി.മീ തെക്കുപടിഞ്ഞാറുമായാണ് നിലകൊണ്ടത്. ചുഴലി മുന്നറിയിപ്പ് ഉണ്ട് എന്നതിനാല്‍ 12.05നുതന്നെ എല്ലാ പ്രധാന ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും ദുരന്തനിവാരണ അതോറിറ്റി അറിയിപ്പുകള്‍ നല്‍കി. എന്നാല്‍, അപ്പോഴേക്കും ചുഴലി നാശം വിതച്ചിരുന്നു. ചുഴലി മുന്നറിയിപ്പ് തുടരുമ്പോള്‍പോലും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടയണം എന്ന മുന്നറിയിപ്പ് നല്‍കിയില്ല. ഇത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. ഇത്തരത്തില്‍ ചുഴലി മുന്നറിയിപ്പിന് പാലിക്കേണ്ട ഒരു മാനദണ്ഡവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പാലിച്ചിട്ടില്ല. പ്രീ സൈക്ളോണ്‍ വാച്ച്, സൈക്ളോണ്‍ അലര്‍ട്ട്, സൈക്ളോണ്‍ വാണിങ്, പോസ്റ്റ് ലാന്‍ഡ്ഫാള്‍ ഔട്ട്ലുക്ക് എന്ന വിവിധ തലത്തിലുള്ള മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരുന്നെങ്കില്‍ കടലില്‍ വിലപ്പെട്ട” ജീവനുകള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. ചുഴലിക്കാറ്റ് അടിക്കുന്നതുവരെ ചീഫ് സെക്രട്ടറിയെ ഒരിക്കല്‍ പോലും കേന്ദ്ര കാലാവസ്ഥാവകുപ്പില്‍നിന്ന് വിളിച്ചിട്ടില്ല. ഫാക്സ് ചെയ്തു എന്ന്  അവകാശപ്പെടുന്ന എല്ലാ ബുള്ളറ്റിനുകളിലും ഫാക്സ് ചെയ്തിരിക്കുന്നത് ഫാക്സ് ഇല്ലാത്ത നമ്പരുകളിലേക്കാണ്. ചീഫ് സെക്രട്ടറിയുടെ ഫാക്സ് നമ്പര്‍ പോലും ഉറപ്പുവരുത്താതെ ഇത്രയും പ്രധാനപ്പെട്ട” സന്ദേശം നല്‍കുന്നത് അക്ഷന്തവ്യമായ അനാസ്ഥയാണ്. 30ന് പകല്‍ 12ന് പുറപ്പെടുവിച്ച ചുഴലി മുന്നറിയിപ്പ് ബുള്ളറ്റിന്‍ ഇ-മെയിലായി ചീഫ് സെക്രട്ടറിക്ക് അയച്ചത് 12.46നാണ്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് 30ന് പകല്‍ 12ന് മാത്രമാണ് ലഭിച്ചതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ ചുഴലിക്കാറ്റ് മാനദണ്ഡമനുസരിച്ച് മൂന്നുദിവസംമുതല്‍ അഞ്ചുദിവസം വരെ മുമ്പ് എല്ലാ പന്ത്രണ്ടു മണിക്കൂറും ഇടവിട്ട് മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കേണ്ടതാണ്. രണ്ടുദിവസംമുമ്പ് എല്ലാ മൂന്ന് മണിക്കൂറിലും ചുഴലിയുടെ തീവ്രത, പാത, ദിശ മുതലായവ സംബന്ധിച്ച് അറിയിപ്പ് നല്‍കേണ്ടതാണ്. എന്നാല്‍, ഓഖിയുടെ കാര്യത്തില്‍ ഇതൊന്നും ഉണ്ടായില്ല. പ്രതിരോധമന്ത്രിയും കേന്ദ്ര ടൂറിസംമന്ത്രിയും തിരുവനന്തപുരത്തെ ദുരന്തബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച നടത്തുകയും ചെയ്തു. ചുഴലി സംബന്ധിച്ച  മുന്നറിയിപ്പ് കണക്കിലെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കുകയുംചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ കൃത്യമായും മുന്‍കൂട്ടിയും പ്രവചിക്കുന്നതിന് കൂടുതല്‍ മെച്ചപ്പെട്ട” സംവിധാനങ്ങള്‍ വേണമെന്ന അഭിപ്രായം കേന്ദ്രമന്ത്രിമാരും പങ്കുവച്ചിട്ടുണ്ട്. അറബിക്കടലില്‍ ഒരുനൂറ്റാണ്ടിനിടയില്‍ അപൂര്‍വമായി ഉണ്ടായ ഈ ചുഴലിയെ ചുഴലിയായി അംഗീകരിച്ച് പേരിട്ടതുതന്നെ 30ന് പകല്‍ 12നാണ്. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് ചില മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്. 1130 മലയാളികളടക്കം 2600 ലേറെ പേരെ കടലില്‍നിന്ന് രക്ഷപ്പെടുത്തിയ സമാനതയില്ലാത്ത രക്ഷാപ്രവര്‍ത്തനത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. 474 പേരെ കോസ്റ്റ്ഗാര്‍ഡും പ്രതിരോധവിഭാഗങ്ങളുംചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ദുരന്തത്തില്‍പെട്ടവരുടെ വേദന ലഘൂകരിക്കാനും അവരെ ആശ്വസിപ്പിക്കാനും ശ്രമിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നതാണ് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നത്. പൊതുവില്‍ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ സമീപനമാണ് എടുത്തത്. എന്നാല്‍, ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് ചില മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പറയാതെവയ്യ. ചുഴലി സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചശേഷം ഒരുനിമിഷംപോലും പാഴാക്കാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ-ദുരന്ത ലഘൂകരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ചുഴലി മുന്നറിയിപ്പ് ലഭിച്ച 30ന് ഒരുമണിക്കുതന്നെ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ്ഗാര്‍ഡ് എന്നിവയെ ബന്ധപ്പെട്ടു. ഉടന്‍ തന്നെ ഈ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനവും ആരംഭിച്ചു.  നാവികസേന 7 കപ്പലുകളും 2 വിമാനവും 4 ഹെലികോപ്റ്ററും തെരച്ചിലിനുവേണ്ടി ഉപയോഗിച്ചു. കോസ്റ്റ്ഗാര്‍ഡ് 8 കപ്പലും ഒരു ഹെലികോപ്റ്ററും ഉപയോഗിച്ചു. 2 ഹെലികോപ്റ്ററും 2 വിമാനവും ഉപയോഗിച്ചാണ് വ്യോമസേന തെരച്ചില്‍ നടത്തിയത്. മൊത്തം 15 കപ്പലും 7 ഹെലികോപ്റ്ററും 4 വിമാനവും ആദ്യദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനരംഗത്ത് രാപ്പകലുണ്ടായിരുന്നു. തെരച്ചില്‍ തുടരുകയാണ്. ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗം, പൊലീസ് എന്നീ ഏജന്‍സികളും രംഗത്തുണ്ട്. പ്രതിരോധവിഭാഗങ്ങളും കോസ്റ്റ്ഗാര്‍ഡും സംസ്ഥാന ഏജന്‍സികളും നല്ല ഏകോപനത്തിലൂടെയാണ് പ്രവര്‍ത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും സജ്ജമായി രുന്നെങ്കിലും അവരുടെ സേവനം ഉപയോഗിക്കേണ്ടി വന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ ഫിഷറീസ് മന്ത്രി, സഹകരണ-ടൂറിസംമന്ത്രി എന്നിവരെ 30നുതന്നെ നിയോഗിച്ചു. കടലില്‍നിന്ന് 100 മീറ്റര്‍ പരിധിയിലെ എല്ലാ കെട്ടുറപ്പില്ലാത്ത വീടുകളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചു.  ഒഴിപ്പിക്കപ്പെട്ടവര്‍ക്കായി 52 പുനരധിവാസ ക്യാമ്പുകള്‍ തുറന്നു.  1906 കുടുംബങ്ങളിലെ 8556 പേര്‍ ഈ ക്യാമ്പുകളില്‍ വിവിധ ഘട്ടങ്ങളിലായി ആശ്വാസം തേടി. തിരമാലകളില്‍നിന്ന് രക്ഷപ്പെട്ട് എഴുനൂറോളംപേര്‍ മറ്റ് തീരങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. അവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളും ആരംഭിച്ചു  Read on deshabhimani.com

Related News