കാവിയുടുത്ത 'പടയൊരുക്കം'ജനലക്ഷങ്ങളുടെ സ്നേഹവും വിശ്വാസവും ലഭിച്ച എല്‍ഡിഎഫിന്റെ രണ്ടു 'ജനജാഗ്രതായാത്ര'കള്‍ ഇന്ന് സമാപിക്കുകയാണ്. ഒക്ടോബര്‍ 21ന് പര്യടനം ആരംഭിച്ച ജാഥകള്‍ ഒരുദിവസത്തെയും ഇടവേളയില്ലാതെ സഞ്ചരിക്കുകയായിരുന്നു. ഒരു ജാഥ ഞാനും മറ്റൊരു ജാഥ സിപിഐ നേതാവ് കാനം രാജേന്ദ്രനുമാണ് നയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ക്കും നയങ്ങള്‍ക്കും ഹിന്ദുത്വശക്തികളുടെ ആക്രമണാത്മക വര്‍ഗീയ അഴിഞ്ഞാട്ടങ്ങള്‍ക്കുമെതിരെ നാടിനെ ഒരുമിപ്പിക്കാനായിരുന്നു ജാഥകള്‍. ആപല്‍ക്കരമായ ഇന്ത്യന്‍ ദേശീയ അന്തരീക്ഷത്തില്‍ ജനങ്ങളുടെ പ്രതീക്ഷയായി മാറിയിരിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. അതിനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുവര്‍ഗത്തിന്റെ പരിശ്രമങ്ങള്‍ക്ക് തടയിടാന്‍ ജനങ്ങളെ അണിനിരത്താനുള്ള ദൌത്യവും ജാഥകള്‍ ഏറ്റെടുത്തു. ഞങ്ങളുടെ ജാഥ പര്യടനം നടത്തിയത് മറ്റു രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജാഥകള്‍ക്ക് മധ്യേയാണ്. ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തില്‍ 'ജനരക്ഷാ യാത്ര' എന്ന പേരില്‍ കേരളവിരുദ്ധ- കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയകോലാഹലം നടത്തി അന്തരീക്ഷം മലീമസമാക്കി. സാധാരണഗതിയില്‍ വലിയ അപസ്വരങ്ങളൊന്നും കൂടാതെ കടന്നുപോകുകയാണ് സംസ്ഥാനത്ത് ജാഥകള്‍. എന്നാല്‍, രാജ്യത്തിന്റെ സാംസ്കാരികപാരമ്പര്യത്തിനുമാത്രമല്ല, സാമാന്യ മനുഷ്യമര്യാദയ്ക്കും അപമാനമായി മാറി അമിത് ഷായും കുമ്മനം രാജശേഖരനും നയിച്ച ജാഥ. എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തറയൊരുക്കം നടത്താനുള്ള ആര്‍എസ്എസ്- ബിജെപി മോഹം അവരുടെ ജാഥയിലും കേന്ദ്ര- സംസ്ഥാന ഭരണാധികാരികള്‍ അടക്കമുള്ളവരുടെ പ്രസംഗങ്ങളിലും തെളിഞ്ഞു. ആ മോഹം കമ്യൂണിസ്റ്റുകാരെ എതിര്‍ക്കുന്നതില്‍മാത്രമായി ഒതുങ്ങിയില്ല. ലോകത്തിന്റെതന്നെ അഭിമാനശിരസ്സായി വളര്‍ന്നിട്ടുള്ള കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി. ഇതിനെതിരെയുള്ള ചുട്ടമറുപടിയാണ് എല്‍ഡിഎഫ് ജാഥകള്‍ നല്‍കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുമാസത്തിനുള്ളില്‍ രണ്ടുവട്ടം കേരളം സന്ദര്‍ശിക്കുകയും കേരളത്തിന്റെയും കേരളീയരുടെയും സവിശേഷതകളും മഹിമകളും വിവരിക്കുകയും ചെയ്തു. അത് യഥാര്‍ഥത്തില്‍ അമിത് ഷായും യുപി, രാജസ്ഥാന്‍, ഗോവ മുഖ്യമന്ത്രിമാരും മറ്റും നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ക്കുള്ള ഉത്തരമായി. ബുധനാഴ്ചമുതല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ 'പടയൊരുക്കം' എന്ന പേരില്‍ യുഡിഎഫ് ജാഥ ആരംഭിച്ചു. വടക്കുനിന്ന് തെക്കോട്ട് സഞ്ചരിക്കുകയെന്നതില്‍മാത്രമല്ല, ശൈലിയിലും രൂപത്തിലും ദിശയിലും ബിജെപി ജാഥയെ പിന്തുടരുകയും പകര്‍ത്തുകയുമാണ് യുഡിഎഫ്. പിണറായി സര്‍ക്കാരിനെതിരെ വിമോചനസമരം നടത്താന്‍ മടിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി ജാഥ സംഘടിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഇല്ലാത്ത കുറ്റം പ്രചരിപ്പിച്ച് സര്‍ക്കാര്‍വിരുദ്ധ സമരത്തിന് പടനയിക്കാനുള്ള മോഹത്തിലാണ് ചെന്നിത്തലയും കൂട്ടരും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമോചനസമരം സ്വപ്നം കാണുന്ന ആര്‍എസ്എസുകാരോട് ജനജാഗ്രതായാത്രയില്‍ ഞങ്ങളൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാമെന്ന മോഹം നടക്കില്ല. ഈ സര്‍ക്കാരിനെ അട്ടിമറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയാലാകട്ടെ, ഇപ്പോള്‍ നിയമസഭയില്‍ ബിജെപി പ്രതിനിധിയായി ഒ രാജഗോപാലുണ്ടെങ്കിലും പുതിയ സഭയില്‍ ബിജെപിക്ക് 'പൂജ്യ'മായിരിക്കും ലഭിക്കുക. ഇതുതന്നെയാണ് യുഡിഎഫിനെയും ഓര്‍മപ്പെടുത്തുന്നത്. ഇനി തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിപക്ഷനേതാവിന് ഹരിപ്പാട്ടുനിന്ന് നിയമസഭ കാണാന്‍ കഴിയാതെ വരും. ആര്‍എസ്എസിന്റെ നാവ് കടമെടുത്താണ് യുഡിഎഫ് ജാഥയില്‍ ക്യാപ്റ്റനും മറ്റ് നേതാക്കളും പ്രസംഗിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍വിരോധം എന്ന വികാരം ആര്‍എസ്എസിനെ സുഖിപ്പിക്കുംവിധം എങ്ങനെയാണ് യുഡിഎഫ് നേതാക്കളില്‍ ഉറവപൊട്ടുന്നതെന്ന് ചിന്തിക്കേണ്ടതാണ്. ജാഥ ഉദ്ഘാടനം ചെയ്ത എ കെ ആന്റണിയും എല്‍ഡിഎഫ് സര്‍ക്കാരിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും നവകേരളം കെട്ടിപ്പടുക്കാനും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ തങ്ങളുടെ കണ്ണിലെ കൃഷ്ണമണിയായാണ് ജനം കാണുന്നത്. അതിനാല്‍ ഈ സര്‍ക്കാരിനെ കേരളജനത സംരക്ഷിക്കും. ബിജെപിക്കും യുഡിഎഫിനും ഒരുപോലെ അവരുടെ കണ്ണിലെ കരടായി ഈ സര്‍ക്കാര്‍ മാറിയത് രണ്ടുകൂട്ടരുടെയും അരുതായ്മകള്‍ക്കെതിരെ അതിശക്തമായ ഭരണ- രാഷ്ട്രീയ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുന്നതുകൊണ്ടാണ്. ബിജെപി ജാഥയ്ക്ക് ഒരുദിവസത്തെ അവധിയുണ്ടായിരുന്നു. അന്നേദിവസമായിരുന്നു യുഡിഎഫ് ഹര്‍ത്താല്‍. ഇപ്പോള്‍ യുഡിഎഫ് ജാഥയ്ക്കും ഒരുദിവസത്തെ അവധിയുണ്ട്. അത് സോളാര്‍ വിഷയത്തിലെ ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്ന നവംബര്‍ ഒമ്പതിനാണ്. ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍മാത്രമായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. നൂറുകണക്കിന് അന്വേഷണ കമീഷനുകള്‍ നമുക്കുണ്ടായിട്ടുണ്ട്. പക്ഷേ, ആ കമീഷന്‍ റിപ്പോര്‍ട്ടുകളില്‍ ബഹുഭൂരിപക്ഷവും ഫയലുകളില്‍ ഉറങ്ങുകയാണ്. എന്നാല്‍, ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടിനോട് നിയമപരവും ഭരണപരവുമായ ഗൌരവം എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിക്കുന്നു. കമീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍മന്ത്രിമാരടക്കമുള്ളവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുള്ള തീരുമാനം സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടു. അങ്ങനെ ജുഡീഷ്യല്‍ കമീഷന്‍ റിപ്പോര്‍ട്ടും ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും നിയമസഭയില്‍ സമര്‍പ്പിക്കുമ്പോള്‍ രാഷ്ട്രീയത്തിലെയും മുന്‍ഭരണത്തിലെയും കൊള്ളരുതായ്മയും സദാചാരവിരുദ്ധതയും സ്വാഭാവികമായും പുറത്തുവരും. സോളാര്‍വിഷയം അഴിമതിക്കേസും ഒപ്പം സ്ത്രീപീഡനക്കേസുമാണ്. രാഷ്ട്രീയപ്രതിയോഗികളെ തളയ്ക്കുന്നതിനോ രാഷ്ട്രീയവിരോധം തീര്‍ക്കുന്നതിനോ വേണ്ടിയുള്ള ഒരു ആയുധമായി കമീഷന്‍ റിപ്പോര്‍ട്ടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ല. നിയമം നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ സ്വാതന്ത്യ്രം നല്‍കുന്നുവെന്നുമാത്രം. നവംബര്‍ ഒമ്പതിന് നിയമസഭാ സമ്മേളനം കഴിയുന്നതോടെ ആരെല്ലാമാണ് പ്രതിക്കൂട്ടിലാവുക, ആരെല്ലാമാണ് കളങ്കിതരെന്ന് കൂടുതല്‍ വ്യക്തമാകും. യുഡിഎഫ് ജാഥയ്ക്കുമുന്നോടിയായി കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ വ്യക്തമാക്കിയത് 'കളങ്കിതരെ ജാഥയില്‍നിന്ന് മാറ്റിനിര്‍ത്തും' എന്നാണ്. അങ്ങനെയെങ്കില്‍ നിയമസഭയില്‍ സമര്‍പ്പിക്കുന്ന ജുഡീഷ്യറി റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടുന്ന ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് 'പടയൊരുക്ക'ത്തില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുമോ? ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്താനായി ഐ ഗ്രൂപ്പിനുവേണ്ടിയാണ് കളങ്കിതരെ ജാഥയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന പ്രസ്താവന സതീശന്‍ നടത്തിയതെന്ന് എ ഗ്രൂപ്പ് വിലയിരുത്തിയതായി 'മനോരമ' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൌരവമുള്ളതാണെന്ന നിലപാട് വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ സ്വീകരിച്ചുവെന്നും വാര്‍ത്ത വന്നു. എന്തായാലും സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍വിരുദ്ധ പടപ്പുറപ്പാടിനാണോ ചെന്നിത്തലയും കൂട്ടരും തുനിയുകയെന്ന ചോദ്യം ന്യായമായും ഉയരും. കളങ്കിതരെ കൂട്ടിയുള്ള യാത്രയാണെങ്കില്‍ അത് പ്രതിപക്ഷസ്ഥാനത്തേക്ക് നുഴഞ്ഞുകയറാനുള്ള ബിജെപി നീക്കങ്ങളെ സഹായിക്കുന്നതാകും. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ ഇല്ലാതാക്കി ആ സ്ഥാനത്തേക്ക് ബിജെപിയെ കൊണ്ടുവരാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുവെന്നാണ് യുഡിഎഫ് ജാഥ ഉദ്ഘാടനം ചെയ്ത എ കെ ആന്റണി ആരോപിച്ചത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മോഡിഭരണവും ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന ഭീഷണിയുടെ വിപത്ത് എല്ലാ സൂക്ഷ്മതയിലും തിരിച്ചറിയുന്ന പ്രസ്ഥാനമാണ് സിപിഐ എം. എന്നാല്‍, ഈ വിപത്തിനെ ഫലപ്രദമായി തടയാന്‍ കോണ്‍ഗ്രസുമായി വിശാല ഐക്യനിര ഉയര്‍ത്തിയാല്‍ ഫലംകിട്ടില്ല. കാരണം ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം വലിയ തോതില്‍ നഷ്ടമായി. കോണ്‍ഗ്രസ് ഭരിച്ചാല്‍ അഴിമതിയും ദുഷിപ്പും നവഉദാരവല്‍ക്കരണനയവുമാണ് ഉണ്ടാവുക. ബിജെപിക്ക് അധികാരം കിട്ടിയതുതന്നെ അതുകൊണ്ടാണ്. മോഡിഭരണത്തിലെ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ ദ്രോഹങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്താന്‍ കോണ്‍ഗ്രസിനാകില്ല. ഈ രണ്ടു പരിഷ്കാരങ്ങളെയും അതിന്റെ തുടക്കത്തില്‍ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടിക്കടിയുള്ള നീതീകരണമില്ലാത്ത വിലവര്‍ധനയ്ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതില്‍ രണ്ടാം യുപിഎ സര്‍ക്കാരും ഒട്ടും മോശമായിരുന്നില്ല. ഹിന്ദുത്വവര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയമാണ്. മോഡിഭരണത്തെയും അതിന്റെ വര്‍ഗീയതയടക്കമുള്ള നയങ്ങളെയും തുറന്നെതിര്‍ത്തുകൊണ്ടേ സംഘപരിവാര്‍ വാഴ്ചയ്ക്ക് അറുതിവരുത്താന്‍ കഴിയൂ. അതിന് ഇടതുപക്ഷം മുന്നോട്ടുവച്ച ബദല്‍നയങ്ങള്‍ക്കുപിന്നില്‍ ജനങ്ങളെ അണിനിരത്തി പോരാടുകയാണ് പോംവഴി. മോഡിഭരണത്തിനും ഹിന്ദുത്വ വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങളെ സമരസജ്ജരാക്കുന്നതിനുപകരം, ബിജെപി താല്‍പ്പര്യപ്രകാരം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയസമരം നടത്താനുള്ള യുഡിഎഫിന്റെ 'പടയൊരുക്കം' കാവിയുടുത്ത രാഷ്ട്രീയക്കളിയാണ് Read on deshabhimani.com

Related News