ആദ്യാക്ഷരവുമായി രാജൻ പി ദേവിന്റെ ‘ജൂബിലി’ വീണ്ടും



 ചേര്‍ത്തല > മലയാള പ്രഫഷണൽ നാടകവേദിയിലെ നിറ സാന്നിധ്യമായിരുന്ന ജൂബിലിയെ നാടക പ്രേമികൾക്ക‌് പരിചയപ്പെടുത്തേണ്ടകാര്യമില്ല. നടൻ രാജൻ പി ദേവിന്റെ തട്ടകം. രംഗവേദിക്ക‌് ശ്രദ്ധേയമായ 35 നാടകങ്ങൾ സംഭാവന ചെയ‌്ത ജൂബിലി തിയറ്റേഴ‌്സ‌്. എട്ട‌് വർഷത്തെ ഇടവേളയ‌്ക്കുശേഷം ജൂബിലി വീണ്ടും വരികയാണ‌് ആദ്യാക്ഷരം എന്ന നാടകവുമായി. രാജൻ പി ദേവിന്റെ ഭാര്യ ശാന്തമ്മയും കുടുംബാംഗങ്ങളും ചേർന്നാണ‌് രണ്ടാംവരവ‌് യാഥാർഥ്യമാക്കിയത‌്. രാജൻ പി ദേവിന്റെ ഒമ്പതാം ചരമവാർഷിക ദിനമായ ഞായറാഴ‌്ച വൈകിട്ട‌് നാലിന‌് ചേർത്തല മുനിസിപ്പൽ ടൗൺഹാളിൽ രാജൻ പി ദേവ‌് അനുസ‌്മരണ വേദിയിൽ നാടകം പ്രഥമാവതരണം നടക്കും. എഴുത്തുകാരൻ വയലാർ മാധവൻകുട്ടി നാടകാവതരണം  ഉദ‌്ഘാടനംചെയ്യും. ചലച്ചിത്ര മേഖലയിൽ സജീവമായപ്പോഴും സ്വന്തം നാടകസമിതിയായ ജൂബിലിയെ പ്രൗഢിയോടെ നിലനിർത്തിയിരുന്നു  രാജൻ പി ദേവ‌്. ജലീൽ സംഘകേളി സംവിധാനം നിർവഹിച്ച ‘ആദ്യാക്ഷരം’ ജൂബിലിയുടെ 36‐ാമത‌് നാടകമാണ‌്. രചന: പ്രവീൺ വടക്കുംതല. വയലാർ ശരത്ചന്ദ്രവർമയുടെ ഗാനങ്ങൾക്ക‌് ഈണംപകർന്നത‌് ആലപ്പി ഋഷികേശ്‌. ആർട്ടിസ‌്റ്റ‌് സുജാതന്റേതാണ‌് രംഗപടം. ചേർത്തല രാജൻ ഉൾപ്പടെയുള്ളവരാണ‌് അരങ്ങിൽ. Read on deshabhimani.com

Related News