15 December Saturday

കുളമ്പുസംരക്ഷണം പ്രധാനം

ഡോ. സാബിന്‍ ജോര്‍ജ്Updated: Thursday Dec 14, 2017


പശുക്കളുടെ ക്ഷേമത്തിലും ഉല്‍പ്പാദനക്ഷമതയിലും ആരോഗ്യത്തിലുമുള്ള  കുളമ്പുകളുടെ പ്രാധാന്യം കണക്കാക്കി അവയെ ശരീരത്തിലെ രണ്ടാം ഹൃദയമെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. അതിനാല്‍  നല്ല പശുക്കളുടെ തെരഞ്ഞെടുപ്പില്‍ ആരോഗ്യമുള്ള, ആകൃതിയുള്ള കുളമ്പുകളും മാനദണ്ഡമാകണം. ആരോഗ്യാകൃതികള്‍ ഉത്തമമായ പശുക്കളുടെ  നില്‍പ്പും നടപ്പും സുന്ദരമാക്കുമ്പോള്‍ ചെരിഞ്ഞ, വളര്‍ന്ന നീണ്ട കുളമ്പുകള്‍ ആനാരോഗ്യത്തെ സൂചിപ്പിക്കുന്നു. പശുവിന്റെ രണ്ടു വിരലുകള്‍ (മൂന്നാമത്തെയും നാലാമത്തെയും വിരലുകളാണ് പശുവിനുള്ളത്), അവയുമായി ബന്ധപ്പെട്ട പേശികള്‍, നാഡികള്‍, ആവരണംചെയ്യുന്ന കുളമ്പ്  എന്നിവ ചേര്‍ന്നതാണ് അവയുടെ പാദത്തിന്റെ അഗ്ര‘ഭാഗം. മുകളില്‍നിന്ന് വശങ്ങളിലേക്കും മാസത്തില്‍ അരസെന്റീമീറ്റര്‍  എന്ന തോതില്‍ നഖങ്ങള്‍ വളരുന്നതുപോലെ കുളമ്പുകളും വളരുന്നു.     ഉയര്‍ന്ന പാലുല്‍പ്പാദനമുള്ള പശുക്കളിലാണ്  കുളമ്പുരോഗങ്ങളും, അവയുടെ മുഖ്യ ലക്ഷണമായ മുടന്തും കൂടുതല്‍ കാണപ്പെടുന്നത്. പ്രസവാനന്തരം ഉല്‍പ്പാദനം കൂടുന്ന മൂന്നൂമാസം ഇത് അധികമാകും. പശുക്കളുടെ ശരീരഭാരത്തിന്റെ 60 ശതമാനവും മുന്‍കാലുകളാണ് താങ്ങുന്നതെങ്കിലും കുളമ്പുകളുടെ പ്രശ്നങ്ങള്‍ പിന്‍കാലുകളെ കൂടുതലായി ബാധിക്കുന്നതായി കണ്ടുവരുന്നു. 

അശാസ്ത്രീയ തീറ്റക്രമം, തീറ്റയിലും  കാലാവസ്ഥയിലും ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍, പ്രസവസംബന്ധമായ  പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കുളമ്പിന്റെ ആരോഗ്യത്തെ ബാധിക്കും.  പാലുല്‍പ്പാദനം കൂടിയ പശുക്കള്‍ക്ക് കൂടുതല്‍ ഊര്‍ജം  നല്‍കാന്‍ ധാന്യസമൃദ്ധമയ  തീറ്റ നല്‍കുമ്പോള്‍ ശരീരത്തില്‍ അമ്ളത കൂടുകയും, ഇങ്ങനെ  കൂടിയ  അമ്ളാവസ്ഥ കാലിലെ കുളമ്പുകള്‍ക്കിടയിലുള്ള മൃദുകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ലാമിനൈറ്റിസ് എന്ന ഈ അവസ്ഥ വേദനാജനകമെന്ന്  മാത്രമല്ല, നടപ്പിലും, തീറ്റയെടുപ്പിലും  മടുപ്പുണ്ടാക്കുന്നു. കുളമ്പിലെ  രക്തധമനികള്‍ പൊട്ടുകയും  രകതസ്രാവവും തല്‍ഫലമായി വ്രണങ്ങളും ഉണ്ടാകുന്നു. നിരപ്പല്ലാതെ പൊങ്ങിത്താഴ്ന്ന് കുഴികള്‍ നിറഞ്ഞ തൊഴുത്തിന്റെ തറ കാല്‍പ്പാദത്തിന്റെ  നേര്‍ത്ത പാളികളില്‍ ചതവേല്‍പ്പിക്കുകയും  മുറിവുകളും മറ്റുമുണ്ടായി  രോഗാണുക്കള്‍ പ്രവേശിച്ച് പടലവീക്കം ഉണ്ടാവുകയും ചെയ്യും.  കുളമ്പിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പാലുല്‍പ്പാദനത്തില്‍  10-20 ശതമാനം കുറവുണ്ടാക്കാം. കുളമ്പിന്റെ ഫലകവീക്കം മുടന്ത്, പൊട്ടലുകള്‍, ഉണങ്ങാത്ത മുറിവുകള്‍, മാംസവളര്‍ച്ച എന്നിവ നടക്കുമ്പോഴും  നില്‍ക്കുമ്പോഴും വേദനയുണ്ടാക്കുന്നു.  മുടന്തലും, അണുബാധയും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് പതിവ്.

കുളമ്പുകളുടെ പരിചരണം ഏറെ പ്രധാനമാണ്. കുളമ്പുകളും അതിനടിയിലുള്ള ചര്‍മവും കഴുകിവൃത്തിയാക്കുകയും, തേയ്മാനം കുറയ്ക്കാന്‍ കൌമാറ്റ് ഉപയോഗിക്കുകയും ചെയ്യണം. തീറ്റയില്‍നിന്നു വരുന്ന അമ്ളത കുറയ്ക്കാന്‍ പുല്ലിന്റെയും, കാലിത്തീറ്റയുടെയും  അളവ് ക്രമീകരിക്കുകയും പ്രോബയോട്ടിക്കുകള്‍, അപ്പക്കാരം എന്നിവ ഉപയോഗിക്കുകയും ചെയ്യണം.  മുടന്തുള്ള പശുക്കളെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കണം. കൂടുതല്‍ വളര്‍ന്ന  കുളമ്പുകള്‍ കൃത്യമായ അളവില്‍ വെട്ടി അടിവശം നിരപ്പാക്കണം. ഫോര്‍മാലിന്‍, കോപ്പര്‍ സള്‍ഫേറ്റ് എന്നിവ നിശ്ചിത വീര്യത്തില്‍ വേദനയുള്ള കുളമ്പുഭാഗത്തില്‍ മുക്കാന്‍ ഉപയോഗിക്കാം.  കുമ്മായം വിതറി തൊഴുത്ത് അണുവിമുക്തമാക്കാം.  പ്രസവശേഷം സിങ്ക്, ബയോട്ടിന്‍, ചെമ്പ്, സെലീനിയം, അയഡിന്‍, ജീവകം എ എന്നിവ അടങ്ങിയ ധാതുലവണ ജീവകമിശ്രിതം തീറ്റയില്‍ ഉള്‍പ്പെടുത്തണം.

(മണ്ണുത്തി വെറ്ററിനറി കോളേജ് എല്‍പിഎം വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

drsabinlpm@yahoo.com
 

പ്രധാന വാർത്തകൾ
Top