Top
27
Monday, March 2017
About UsE-Paper

സൂക്ഷ്മ ജലസേചനത്തിന് വൈകരുത്

Thursday Mar 16, 2017
വെബ് ഡെസ്‌ക്‌

കുറച്ചു വെള്ളംകൊണ്ട് ചെടികളുടെ വേരുമണ്ഡലത്തില്‍ത്തന്നെ വെള്ളം എത്തിക്കാമെന്നത് സൂക്ഷ്മ ജലസേചനരീതിയായ ഡ്രിപ് ഇറിഗേഷന്‍ അഥവാ തുള്ളിനനയുടെ മാത്രം പ്രത്യേകത. ഇതുവഴി 20 മുതല്‍ 80 ശതമാനംവരെ ജലവും 60 മുതല്‍ 75 ശതമാനംവരെ അധ്വാനവും ലാഭിക്കാം. പമ്പ്ചെയ്ത വെള്ളം മണല്‍ അരിപ്പയിലൂടെയും സ്ക്രീന്‍ അരിപ്പയിലൂടെയും കടത്തി മാലിന്യങ്ങള്‍ നീക്കി പ്രധാന പൈപ്പ്, സബ്മെയിന്‍ പൈപ്പ്, ലാറ്ററല്‍ പൈപ്പ് എന്നിവയിലൂടെ ഒഴുക്കി എമിറ്ററുകളില്‍ക്കൂടി ഡ്രിപ്പര്‍ മുഖേനയോ മൈക്രോ സ്പ്ളിംഗ്ളര്‍വഴിയോ വേരുപടലത്തില്‍ എത്തിക്കുന്നതാണ് സൂക്ഷ്മജലസേചനം. ഡ്രിപ്പറുകളില്‍ക്കൂടി തുള്ളിയായാണ് വെള്ളം പുറത്തേക്കു വിടുന്നത്. മണിക്കൂറില്‍ രണ്ടുമുതല്‍ എട്ട് ലിറ്റര്‍വരെ ഒഴുക്കുവേഗത്തിലുള്ള ഡ്രിപ്പറുകള്‍ സാധാരണം. ഉയരമുള്ള സ്ഥലത്തെ കൃഷിയിടത്തിന് പ്രഷര്‍കോമ്പന്‍സേറ്റിങ് ഡ്രിപ്പറാണ് നല്ലത്.

സാധാരണ ഓണ്‍ലൈന്‍ ഡ്രിപ്പറുകളാണ് മണ്ണിനുമുകളിലെ തുള്ളിനനയില്‍ ഇടുന്നത്. ലാറ്ററല്‍ പൈപ്പില്‍ മൈക്രോട്യൂബ് ഇടുന്ന രീതിയും നിലവിലുണ്ട്. അടുത്തുവളരുന്ന പച്ചക്കറിപ്പോലുള്ള വിളകള്‍ക്ക് അരയടി ആഴത്തില്‍ സ്ഥാപിക്കുന്ന ഇന്‍ലൈന്‍ ഡ്രിപ്പറുകളാണ് ഉത്തമം. വെള്ളം മണ്ണിനടിയില്‍ കൊടുക്കുന്നതില്‍ ബാഷ്പീകരണ നഷ്ടമില്ലെന്നത് ഇന്‍ലൈന്‍ ഡ്രിപ്പറിന്റെ മേന്മ.

എമിറ്ററുകളില്‍ കരടും മണ്ണും കൊണ്ട് പെട്ടെന്ന് അടഞ്ഞുപോകാതിരിക്കാനായി സ്ക്രീന്‍ അരിപ്പയും ലാറ്ററല്‍ പൈപ്പിന്റെ എന്‍ഡ് ക്യാപ്പും ഇടയ്ക്ക് കഴുകി വൃത്തിയാക്കണം. സ്ക്രീന്‍ ഫില്‍റ്ററിനു മുമ്പായി ഒരു വെഞ്ചുറികൂടി ഉണ്ടെങ്കില്‍ സസ്യപോഷണങ്ങളും  വെള്ളത്തോടൊപ്പം നല്‍കാം. ഇങ്ങനെ നടത്തുന്ന ഫെര്‍ട്ടിഗേഷനിലൂടെ 40 ശതമാനം വളം ലാഭിക്കാമെന്നു മാത്രമല്ല, വിളവ് 80 ശതമാനം വര്‍ധിക്കുകയും ചെയ്യും. പച്ചക്കറിക്കൃഷി വികസനപദ്ധതിയില്‍ 50 സെന്റ് സ്ഥലത്തെ പച്ചക്കറിക്കൃഷിക്ക് തുള്ളിനനയും ഫെര്‍ട്ടിഗേഷനും ചെയ്യുന്നതിന് സാമ്പത്തികാനുകൂല്യം കൃഷിവകുപ്പ് നല്‍കുന്നുണ്ട്.

(കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖിക)