17 November Saturday

കച്ചോലം ആദായത്തില്‍ മുമ്പന്‍

സോമു മലപ്പട്ടംUpdated: Thursday Dec 3, 2015

ഔഷധസസ്യക്കൃഷിമേഖലയില്‍ ആദായകരമായ കൃഷിയായി മാറുകയാണ് കച്ചോലം. ആയുര്‍വേദമരുന്നു നിര്‍മാണത്തിനും സുഗന്ധതൈല നിര്‍മാണത്തിനുമെല്ലാം ഉപയോഗിക്കുന്ന കിഴങ്ങുവര്‍ഗവിളയാണ് കച്ചോലം. വിപണിയില്‍ സാമാന്യം നല്ല വിലയുള്ള വിളയാണ് കച്ചോലം. ഇതേ സ്ഥിതി ഒന്നുരണ്ടു വര്‍ഷംകൂടി തുടരുമെന്നാണ് ഔഷധനിര്‍മാണ മേഖലയിലെ പ്രമുഖരുടെ നിരീക്ഷണം. കംഫ്റേറിയ ഗാലഗോ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം എട്ടുമാസംകൊണ്ട് വിളവെടുക്കാം. ഏപ്രില്‍–മേയിലാണ് കൃഷി ആരംഭിക്കേണ്ടത്. ഇഞ്ചി, മഞ്ഞള്‍ കൃഷിരീതിയാണ് കച്ചോലത്തിനും അനുവര്‍ത്തിക്കേണ്ടത്.

കാലവര്‍ഷം കനക്കുംമുമ്പേ കച്ചോലകൃഷി ആരംഭിക്കണം. ലളിതമാണ് നടീല്‍രീതി. ഒരുമീറ്റര്‍ വീതിയും 25 സെ.മീ. ഉയരവുമുള്ള തവരണകളെടുത്ത് അതില്‍ വേണം കച്ചോലക്കിഴങ്ങ് നടാന്‍. ഹെക്ടറിന് 100 കിലോ തോതില്‍ എല്ലുപൊടി തവരണകളില്‍ നടുന്നതിന് മുമ്പ് ചേര്‍ത്തുകൊടുക്കണം. ജൈവാംശം കുറഞ്ഞ മണ്ണിലും കച്ചോലം വളരും. എന്നാല്‍ എല്ലുപൊടിക്കു പുറമെ ഹെക്ടറിന് 100 കിലോ ചാണകവളവും അധികമായി ജൈവാംശം കുറഞ്ഞ മണ്ണില്‍ ചേര്‍ത്തുകൊടുക്കണം. നട്ടശേഷം തവരണകളില്‍ നല്ലപോലെ പുതയിടണം. മഴക്കാലം കഴിഞ്ഞാല്‍ തവരണകളിലെ കളകള്‍ നീക്കംചെയ്യാം. അതിനുശേഷം പച്ചച്ചാണകം വെള്ളത്തില്‍ കലക്കി ഉണ്ടാക്കുന്ന ദ്രാവകം ചെടികള്‍ക്കിടയില്‍ ഒഴിച്ചുകൊടുക്കണം. ഇലവണ്ടുകള്‍, കറുത്തരോമപ്പുഴു, പട്ടാളപ്പുഴു എന്നിവയുടെ ആക്രമണമാണ് കച്ചോലക്കൃഷി പ്രധാനമായും നേരിടുന്നത്.

കളകള്‍ നീക്കി കൃഷിയിടം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാന പ്രതിവിധി. ചെടികളില്‍ കാണുന്ന പുഴുക്കളും മുട്ടകളും നശിപ്പിക്കണം. കീടബാധയേറ്റ തണ്ടുകള്‍ മുറിച്ചുമാറ്റി നശിപ്പിക്കണം. പുകയില കഷായം ഉപയോഗിച്ചാല്‍ ഇലവണ്ടുകള്‍, കറുത്തരോമപ്പുഴു എന്നിവയുടെ ആക്രമണം തടയാം.  പട്ടാളപ്പുഴ ആക്രമണമാണ് ഉണ്ടാവുന്നതെങ്കില്‍ വേപ്പിന്‍കുരുസത്ത് ലായനി തളിച്ചുകൊടുക്കുന്നത് ഉചിതമാണ്.

പുതിയ ഇനങ്ങള്‍
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത രണ്ട് ഇനങ്ങള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. രജനി, കസ്തൂരി എന്നിവ. രജനി, 7.68 ശതമാനം സുഗന്ധതൈല നിര്‍മാണശേഷിയുള്ള ഇനമാണ്. ജൈവാംശം കുറഞ്ഞ മണ്ണിലും കൃഷിചെയ്യാം. കസ്തൂരിക്ക് 3.4 ശതമാനം സുഗന്ധതൈല നിര്‍മാണശേഷിയാണുള്ളത്. എന്നാല്‍ കിഴങ്ങുല്‍പ്പാദനം കൂടുതലാണ്. ജൈവാംശമുള്ള മണ്ണില്‍ നന്നായി വളരും. വിത്തുകള്‍ എറണാകുളം ഓടക്കാലിയിലുള്ള സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രത്തില്‍നിന്നും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിത്തുവിതരണ കേന്ദ്രങ്ങളില്‍നിന്നും ലഭിക്കും.

പ്രധാന വാർത്തകൾ
Top