18 November Sunday

കൈപ്പാട് അരിക്ക് ഭൗമസൂചികാപദവി

സതീഷ്ഗോപിUpdated: Thursday Aug 28, 2014

പാടങ്ങളുടെ വിസ്തൃതി കുറഞ്ഞ് നെല്‍വിത്തുകള്‍പോലും അന്യംനില്‍ക്കുന്ന കാലത്ത് ഇതാ കണ്ണൂരിലെ കൈപ്പാട് പ്രദേശത്തുനിന്ന് ഒരു വിജയഗാഥ. ഏഴോം നെല്ലിനങ്ങളിലൂടെ കീര്‍ത്തിയാര്‍ജിച്ച കൈപ്പാട് അരിക്ക് ഭൗമസൂചികാപദവി ലഭിച്ചതാണ് ഈ മേഖലയിലുള്ളവരെ സന്തോഷിപ്പിക്കുന്നത്. ഇനി അന്താരാഷ്ട്ര വിപണിയിലടക്കം കൈപ്പാട് എന്ന ലേബലില്‍ അരി വില്‍പ്പനയ്ക്കെത്തും. ഒരു ഗവേഷകയുടെയും കുറച്ചു കര്‍ഷകത്തൊഴിലാളികളുടെയും വിജയഗാഥ എന്നതിലുപരി തലമുറകള്‍ക്കായുള്ള കരുതലിനും കൈപ്പാട് കൃഷിയില്‍ ഇടമുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുഴകളോടു ചേര്‍ന്നുകിടക്കുന്ന ഭൂമിയാണ് കൈപ്പാട്. വേലിയിറക്കവും വേലിയേറ്റവുംമൂലം ദിവസം രണ്ടുതവണ ഓരുജലം കയറിയിറങ്ങുന്നതിനാല്‍ പ്രകൃത്യാ ജൈവസമ്പുഷ്ടവുമാണ്. മണ്ണിനും കാലാവസ്ഥയ്ക്കും യോജിച്ച തനത് ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ കാര്‍ഷിക സര്‍വകലാശാല നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഏഴോം ഇനങ്ങളുടെ പിറവിക്ക് വഴിയൊരുക്കിയത്. കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷക ടി വനജയുടെ നേതൃത്വത്തില്‍ നാടന്‍ ഇനങ്ങള്‍ സങ്കലന പ്രക്രിയയിലൂടെ ഉപയോഗിച്ച് ഏഴോം- 1, ഏഴോം- 2, ഏഴോം- 3 എന്നീ ഇനങ്ങളാണ് വികസിപ്പിച്ചത്. കണ്ണൂര്‍ കാട്ടാമ്പള്ളി കൈപ്പാടിലും പൊക്കാളിപ്രദേശങ്ങളിലുമെല്ലാം കൃഷിയിറക്കി ഇവയുടെ വിളസമൃദ്ധി ഉറപ്പാക്കി.

കര്‍ഷകരുടെ ആവശ്യപ്രകാരം കൈപ്പാടിനുതകുന്ന, ഉപ്പു ലവണങ്ങളെ അതിജീവിക്കുന്ന വിത്തിനങ്ങളാണിവ. ഏഴോം- 3ന് ശരാശരി ഉല്‍പ്പാദനം ഹെക്ടറിന് 4.3 ടണ്ണാണ്. നെല്ലുഗവേഷണത്തിനൊപ്പം കൈപ്പാട് കൃഷിയുടെ സമഗ്രവികസനത്തിനും ഡോ. വനജ മുന്‍കൈയെടുത്തു. ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍. 2010ല്‍ കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ മലബാര്‍ കൈപ്പാട് ഫാര്‍മേഴ്സ് സൊസൈറ്റി ആരംഭിച്ചതും പുതുകാല്‍വയ്പായി.ഭക്ഷ്യസുരക്ഷ, പോഷകാഹാര സുരക്ഷ, ജലസുരക്ഷ, തണ്ണീര്‍ത്തട സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ കൈപ്പാട് കൃഷിയുടെ നേട്ടം വ്യാപിക്കുന്നു.

സാമ്പത്തികലാഭത്തോടൊപ്പം പ്രകൃതിസംരക്ഷണവും ആരോഗ്യസംരക്ഷണവും നടപ്പാക്കുക എന്നതാണ് ലക്ഷ്യം. ഭൗമസൂചികാ പദവി ലഭിച്ചതോടെ ഏഴോം നെല്ലിനങ്ങളുടെ അരി "കൈപ്പാട് അരി' എന്ന ലേബലില്‍ അറിയപ്പെടും. അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാനും പദ്ധതിയുണ്ട്.

പ്രധാന വാർത്തകൾ
Top