19 October Friday

മാങ്ങാ ഇഞ്ചിയും രുചികരംതന്നെ

രവീന്ദ്രന്‍ തൊടീക്കളംUpdated: Tuesday Jul 29, 2014

സസ്യശാസ്ത്രപരമായി മാങ്ങയുമായോ ഇഞ്ചിയുമായോ ഒരു ബന്ധവുമില്ലാത്തതും മഞ്ഞളിനോട് സാമ്യമുള്ളതും, മാങ്ങയുടെയും ഇഞ്ചിയുടെയും രുചിപകരുന്നതുമായ ഒരു വിളയാണ് മാങ്ങാ ഇഞ്ചി. നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങില്‍ വളരുന്ന ഈ വിള ആറുമാസംകൊണ്ട് മൂപ്പെത്തുമെന്ന പ്രത്യേകതയുമുണ്ട്. അച്ചാര്‍, ചട്നി, കാന്‍ഡി, സോസ്, സലാഡ് എന്നിവ ഉണ്ടാക്കുന്നതിന് അനുയോജ്യമായ വിളയാണിത്.

ഇറച്ചിക്കറികളില്‍ സുഗന്ധത്തിനും രുചിക്കുമായി ഉപയോഗിക്കുന്നു. ഔഷധമേറുന്നതിനാല്‍ ആയുര്‍വേദ ചികിത്സക്കും ഉപയോഗിക്കുന്നു. ത്വക്ക്രോഗങ്ങള്‍, ആസ്ത്മ, വില്ലന്‍ചുമ എന്നിവ ശമിപ്പിക്കാന്‍ അത്യുത്തമ ഔഷധമാണത്രെ മാങ്ങാഇഞ്ചി. ചെറിയ തണലില്‍പ്പോലും നല്ല വിളവുതരുന്ന മാങ്ങാഇഞ്ചി, പുരയിടങ്ങളില്‍ കൃഷിചെയ്തു വളര്‍ത്താം. ഫെബ്രുവരി മാര്‍ച്ചില്‍ നിലമൊരുക്കി 1.2 മീറ്റര്‍ വീതിയില്‍ 25 സെ.മീ. ഉയരത്തില്‍ തടമെടുത്ത് 15-20 ഗ്രാം തൂക്കമുള്ള തടയോ രോഗവിമുക്തമായ കിഴങ്ങുകളൊ നടാനായി ഉപയോഗിക്കാം. ഒഡീഷയിലെ പൊട്ടാംഗി ഹൈ ആള്‍റ്റിറ്റൂഡ് റിസര്‍ച്ച് സ്റ്റേഷനില്‍നിന്ന് അംബയെന്ന പുതിയൊരിനം പുറത്തിറക്കിയിട്ടുണ്ട്. പരമ്പരാഗത ഇനങ്ങളാണ് കേരളത്തില്‍ ഇപ്പോഴും കൃഷിചെയ്യുന്നത്.

തയ്യാറാക്കിയ വാരങ്ങളില്‍ 25-30 സെ. മീ. അകലത്തില്‍ ചെറിയ കുഴികളില്‍ 4-5 സെ. മീ. ആഴത്തില്‍ വിത്തുകള്‍ നടാം. 25 സെന്റ് സ്ഥലത്തേക്ക് 150 കി.ഗ്രാം വിത്ത് ആവശ്യമാണ്. അടിവളമായി 25 സെന്റിന് 3-4 ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. യൂറിയ 6.5 കി.ഗ്രാം, രാജ്ഫോസ് 15 കി.ഗ്രാം, എംഒപി 10 കി.ഗ്രാം എന്ന തോതില്‍ രാസവളം ചേര്‍ത്തുകൊടുക്കണം. മുഴുവന്‍ ഭാവഹവും, പകുതി പൊട്ടാഷും മൂന്നിലൊന്ന് നൈട്രജനും അടിവളമായും മൂന്നില്‍ രണ്ട് നൈട്രജന്‍ നടീല്‍ കഴിഞ്ഞ് 30 ദിവസത്തിനകവും നല്‍കണം. നടീല്‍ കഴിഞ്ഞ ഉടന്‍ 1-5 ടണ്‍ പച്ചില്‍ ഉപയോഗിച്ച് പുതയിടണം. 50 ദിവസത്തിനുശേഷം വീണ്ടും ഇത് ആവര്‍ത്തിക്കണം. നടീല്‍ കഴിഞ്ഞ് മൂന്നു-നാല് ആഴ്ചയ്ക്കകം വിത്തു മുളയ്ക്കും. 45 ദിവസത്തിനുശേഷം കളയെടുക്കണം. രണ്ടുമാസം കഴിഞ്ഞ് മണ്ണ്കൂട്ടിക്കൊടുക്കണം. മറ്റു വിളകളെ അപേക്ഷച്ച് രോഗങ്ങളും കീടങ്ങളും പൊതുവേ കുറവാണ്. രോഗങ്ങളും കീടങ്ങളും കാണുകയാണെങ്കില്‍ ജൈവികരീതിയില്‍ നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

പ്രധാന വാർത്തകൾ
Top